News

റിലയന്‍സ് അഞ്ചു ദശലക്ഷത്തോളം റീട്ടെയില്‍ സ്‌റ്റോറുകളെ ഡിജിറ്റലാക്കാന്‍ ഒരുങ്ങുന്നു

2023 ഓടെ അഞ്ചു ദശലക്ഷത്തോളം ചെറുകിട റീട്ടെയില്‍ സ്‌റ്റോറുകളെ ഡിജിറ്റല്‍വല്‍ക്കരിക്കാന്‍ ഒരുങ്ങുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. മുകേഷ് അംബാനിയുടെ ഓണ്‍ലൈന്‍ രംഗത്തേക്കുള്ള ചുവടുവെപ്പാണ് ഇതിനു സഹായകമാകുന്നത്. യുഎസ് നിക്ഷേപക ബാങ്കായ ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ചിന്റെ പഠനത്തിലാണ് രാജ്യത്തെ ചെറുകിട വ്യാപാര രംഗത്ത് സമീപ ഭാവിയില്‍ വരാനിരിക്കുന്ന വിപ്ലവത്തെ ക്കുറിച്ച് പറഞ്ഞിരിക്കുന്നത്. 

ചെറിയ റീട്ടെയില്‍ സ്റ്റോറുകള്‍ അവരുടെ ടെക്‌നോളജി അപ്‌ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഇത് ആധുനിക വല്‍ക്കരണത്തിന് വളര്‍ച്ചയുണ്ടാക്കാന്‍ സഹായിക്കുമെന്നുമാണ് പഠനങ്ങള്‍ കണ്ടെത്തുന്നത്. ഇന്ത്യയില്‍ തന്നെ പതിനായിരത്തിലധികം റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുള്ള റിലയന്‍സ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ടു ഓഫ്‌ലൈന്‍ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമിക്കുന്നത്.

 ഇതിന്റെ ഭാഗമായി കമ്പനിയുടെ ജിയോ എംപിഒഎസ് ഡിവൈസ് കിരാന സ്റ്റോറുകളില്‍ സ്ഥാപിക്കാനാണ് പദ്ധതി. ഇത് കടയെ അടുത്തുള്ള വിതരണക്കാരനുമായി അതിവേഗ 4ജി നെറ്റ്‌വര്‍ക്ക് മുഖേന ബന്ധിപ്പിക്കുകയും അങ്ങനെ ഉപഭോക്താക്കള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ വേഗത്തില്‍ വിതരണം ചെയ്യാന്‍ സാധിക്കുകയും ചെയ്യും.

 

Author

Related Articles