News

അന്താരാഷ്ട്രതലത്തില്‍ ഏറ്റവും വലിയ സമുദ്രാന്തര്‍ കേബിള്‍ സംവിധാനം സ്ഥാപിക്കാന്‍ ഒരുങ്ങി റിലയന്‍സ് ജിയോ

ഇന്ത്യ കേന്ദ്രീകരിച്ച് അന്താരാഷ്ട്രതലത്തില്‍ ഏറ്റവും വലിയ സമുദ്രാന്തര്‍ കേബിള്‍ സംവിധാനം സ്ഥാപിക്കുന്നതായി റിലയന്‍സ് ജിയോ അറിയിച്ചു. നിരവധി പ്രമുഖ ആഗോള പങ്കാളികളുമായും ലോകോത്തര സമുദ്രാന്തര്‍ കേബിള്‍ വിതരണക്കാരായ സബ്കോമുമായും ചേര്‍ന്നാണ് സമുദ്രത്തിനടിയില്‍ ജിയോ രണ്ട് പുതു തലമുറ കേബിളുകള്‍ സ്ഥാപിക്കുന്നത്. ഡാറ്റ ആവശ്യകതയില്‍ അസാധാരണ വളര്‍ച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് റിലയന്‍സ് ജിയോ പുതിയ നീക്കം നടത്തുന്നത്. 16,000 കിലോമീറ്ററോളം നീളത്തില്‍ 200 ടിബിപിഎസില്‍ കൂടുതല്‍ ശേഷിയുള്ളതായിരിക്കും ഈ ഹൈ കപ്പാസിറ്റി, ഹൈ സ്പീഡ് കേബിള്‍ സംവിധാനങ്ങള്‍.

ഇന്ത്യയുടെ കിഴക്കുഭാഗത്തേക്ക് സിംഗപ്പൂരിനും അതിനപ്പുറത്തേക്കുമായി ഇന്ത്യ ഏഷ്യ എക്സ്പ്രസ് (ഐഎഎക്സ്) കേബിള്‍ സംവിധാനവും ഇന്ത്യയുടെ പടിഞ്ഞാറുഭാഗത്തേക്ക് മധ്യപൂര്‍വേഷ്യയും യൂറോപ്പും ലക്ഷ്യമാക്കി ഇന്ത്യ യൂറോപ്പ് എക്സ്പ്രസ് (ഐഇഎക്സ്) കേബിള്‍ സംവിധാനവുമാണ് സ്ഥാപിക്കുന്നത്. ഈ രണ്ട് കേബിള്‍ സംവിധാനങ്ങളും തുടര്‍ച്ചയായി പരസ്പരം കണക്റ്റ് ചെയ്യപ്പെടും. മാത്രമല്ല, ആഗോളതലത്തിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിന് ലോകത്തെ ടോപ് ഇന്റര്‍ എക്സ്ചേഞ്ച് പോയന്റുകളുമായും കണ്ടന്റ് ഹബ്ബുകളുമായും കണക്റ്റ് ചെയ്യും. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഉപയോക്താക്കള്‍ക്കും സംരംഭക ഉപയോക്താക്കള്‍ക്കും ഉള്ളടക്കങ്ങളും ക്ലൗഡ് സേവനങ്ങളും ലഭിക്കുന്നതിന് ശേഷി വര്‍ധിപ്പിക്കുന്നതായിരിക്കും ഐഎഎക്സ്, ഐഇഎക്സ് കേബിള്‍ സംവിധാനങ്ങളെന്ന് ജിയോ അറിയിച്ചു.   

സമുദ്രാന്തര്‍ ഫൈബര്‍ ഒപ്റ്റിക് ടെലികമ്യൂണിക്കേഷന്റെ ചരിത്രത്തില്‍ ഇതാദ്യമായി ഈ കേബിള്‍ സംവിധാനങ്ങള്‍ ഇന്ത്യയെ അന്താരാഷ്ട്ര നെറ്റ്വര്‍ക്ക് ഭൂപടത്തിന്റെ മധ്യത്തില്‍ പ്രതിഷ്ഠിക്കുമെന്ന് കമ്പനി പ്രസ്താവിച്ചു. 2016 ല്‍ ജിയോ സേവനങ്ങള്‍ ആരംഭിച്ചശേഷമുള്ള ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യവും അതിശയകരമായ വളര്‍ച്ചയും ഡാറ്റ ഉപയോഗത്തിലെ കുതിച്ചുചാട്ടവും അംഗീകരിക്കപ്പെടുന്നതാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷമെന്ന് കമ്പനി അവകാശപ്പെട്ടു.

Author

Related Articles