News

ഗൂഗിളുമായി കൈകോര്‍ത്ത് 5ജി സ്മാര്‍ട്ഫോണ്‍ വികസിപ്പിക്കാനൊരുങ്ങി ജിയോ

ഇന്ത്യയില്‍ വീണ്ടുമൊരു ഡിജിറ്റല്‍ വിപ്ലവത്തിന് തയ്യാറെടുക്കുകയാണ് റിലയന്‍സ് ജിയോ. ഗൂഗിളുമായി കൈകോര്‍ത്ത് വിലകുറഞ്ഞ 5ജി സ്മാര്‍ട്ഫോണ്‍ വികസിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ റിലയന്‍സ് ജിയോ തുടങ്ങി. 43-മത് വാര്‍ഷിക പൊതുയോഗത്തില്‍ കമ്പനി മേധാവി മുകേഷ് അംബാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇതുവരെ 100 മില്യണ്‍ ജിയോ ഫോണുകള്‍ റിലയന്‍സ് വിറ്റുകഴിഞ്ഞു. പക്ഷെ ഇപ്പോള്‍ ഫീച്ചര്‍ ഫോണുകളില്‍ നിന്നും സ്മാര്‍ട്ഫോണുകളിലേക്ക് മാറാന്‍ ഒരു വലിയ വിഭാഗം ജനത ആഗ്രഹിക്കുന്നു. ഇവര്‍ക്കായി 4ജി, 5ജി ശേഷിയുള്ള പ്രാരംഭ മോഡല്‍ സ്മാര്‍ട്ഫോണ്‍ റിലയന്‍സ് ജിയോ വൈകാതെ പുറത്തിറക്കും, മുകേഷ് അംബാനി അറിയിച്ചു. പദ്ധതിക്കായി ഗൂഗിളുമായി കമ്പനി സഹകരിക്കും. ആന്‍ട്രോയ്ഡ് അധിഷ്ടിത വിലകുറഞ്ഞ 5ജി സ്മാര്‍ട്ഫോണാണ് റിലയന്‍സ് ജിയോ വിപണിയിലെത്തിക്കുക.

'ഇന്ന് അത്യാധുനിക സാങ്കേതികവിദ്യയ്ക്കായി ഇന്ത്യന്‍ ജനതയ്ക്ക് കാത്തിരിക്കേണ്ടതില്ല. സ്മാര്‍ട്ഫോണുകളും ചിലവ് കുറഞ്ഞ ഡാറ്റ പദ്ധതികളും മുന്‍നിര്‍ത്തി രാജ്യത്തെ നൂറു കോടി ജനത ഓണ്‍ലൈന്‍ ലോകത്ത് അനായാസം കടന്നെത്തി. ഇപ്പോള്‍ ഇന്ത്യയുടെ ഡിജിറ്റല്‍ ഭാവി സംബന്ധിച്ച് തങ്ങള്‍ക്ക് ഏറെ പ്രത്യാശയുണ്ട്', ആല്‍ഫബെറ്റ് സിഇഓ സുന്ദര്‍ പിച്ചൈ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

ജിയോ പ്ലാറ്റ്ഫോമുകളില്‍ ഗൂഗിള്‍ 33,737 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന കാര്യവും വാര്‍ഷിക പൊതുയോഗത്തില്‍ റിലയന്‍സ് മേധാവി അറിയിച്ചിട്ടുണ്ട്. നിക്ഷേപം പൂര്‍ത്തിയായാല്‍ കമ്പനിയുടെ 7.7 ശതമാനം ഓഹരി ഗൂഗിള്‍ സ്വന്തമാക്കും. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കൊണ്ട് 15 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് റിലയന്‍സ് ഇതുവരെ സമാഹരിച്ചത്.

Author

Related Articles