News

സിന്‍ടെക്സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെ ഏറ്റെടുക്കാനുള്ള പദ്ധതിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിപണി മൂല്യമുള്ള കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. എണ്ണ ബിസിനസാണ് റിലയന്‍സിന്റെ പ്രധാന വരുമാനമാര്‍ഗം. എന്നാല്‍ വരുംഭാവിയില്‍ മറ്റു പല മേഖലകളിലും ഒരു കൈ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ റിലയന്‍സ്. ടെലികോം ബിസിനസില്‍ ജിയോ കുത്തക സ്ഥാപിച്ചുകഴിഞ്ഞു. ഹരിതോര്‍ജം, ഫാഷന്‍ സെക്ടറുകളിലും ആധിപത്യം നേടാന്‍ കമ്പനി കരുനീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി നഷ്ടത്തില്‍ കഴിയുന്ന തുണിത്തര നിര്‍മാതാക്കളായ സിന്‍ടെക്സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെ ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് റിലയന്‍സ്. അസറ്റ്സ് കെയര്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ എന്റര്‍പ്രൈസ് ലിമിറ്റഡുമായി ചേര്‍ന്ന് പാപ്പരായ സിന്‍ടെക്സ് ഇന്‍ഡസ്ട്രീസിനെ ലേലത്തില്‍ നേടിയെടുക്കാന്‍ റിലയന്‍സ് രംഗത്തുവന്നുകഴിഞ്ഞു.

കോടതി നിയമിച്ച പാപ്പരത്ത പരിഹാര നടപടിക്ക് കീഴിലാണ് ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിന്‍ടെക്സിനെ വാങ്ങാന്‍ റിലയന്‍സ് ശ്രമം നടത്തുന്നത്. റിലയന്‍സിനെ കൂടാതെ ഈസിഗോ ടെക്സ്റ്റൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ജിഎച്ച്സിഎല്‍ ലിമിറ്റഡ്, ഹിമത്സിങ്ക വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളും സിന്‍ടെക്സ് ഇന്‍ഡസ്ട്രീസിനെ ഏറ്റെടുക്കാനുള്ള മത്സരത്തില്‍ ശക്തമായി രംഗത്തുണ്ട്. ഏകദേശം 8,000 കോടി രൂപയുടെ കടമാണ് സിന്‍ടെക്സിന് അടച്ചുതീര്‍ക്കാനുള്ളത്.

ഇതു രണ്ടാം തവണയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് പാപ്പരായ ഒരു കമ്പനിയില്‍ താത്പര്യം പ്രകടിപ്പിക്കുന്നത്. മുന്‍പ്, ജെഎം ഫൈനാന്‍ഷ്യല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി ചേര്‍ന്ന് അലോക് ഇന്‍ഡസ്ട്രീസിനെ റിലയന്‍സ് വാങ്ങിയിരുന്നു. 2019 സെപ്തംബറില്‍ മുതലും പലിശയും ഇനത്തില്‍ 15 കോടി രൂപയുടെ വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്നാണ് ഇന്‍വെസ്‌കോ അസറ്റ് മാനേജ്മെന്റ് സിന്‍ടെക്സ് ഇന്‍ഡസ്ട്രീസിനെതിരെ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 2021 ഏപ്രില്‍ ആറിന് പാപ്പരത്ത നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

Author

Related Articles