News

റിലയന്‍സ് റീട്ടെയിലില്‍ 5,513 കോടി രൂപ നിക്ഷേപവുമായി അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി

മുംബൈ: അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (എഡിഐഎ) 5,512.50 കോടി രൂപ റീട്ടെയില്‍ യൂണിറ്റില്‍ നിക്ഷേപിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അറിയിച്ചു. എഡിഐഎയുടെ നിക്ഷേപം റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡില്‍ (ആര്‍ആര്‍വിഎല്‍) 1.2 ശതമാനം ഇക്വിറ്റി നിക്ഷേപമാക്കി മാറ്റും. അടുത്തകാലത്തായി വന്ന നിക്ഷേപങ്ങളിലൂടെ ആര്‍ആര്‍വിഎല്‍ 37,710 കോടി രൂപയാണ് നിക്ഷേപമായി നേടിയെടുത്തത്.

കഴിഞ്ഞ നാല് ആഴ്ചയ്ക്കിടെ സില്‍വര്‍ ലേക്ക്, കെകെആര്‍, ജനറല്‍ അറ്റ്ലാന്റിക്, മുബഡാല, ജിഐസി, ടിപിജി, എഡിഐഎ തുടങ്ങിയ നിക്ഷേപകരില്‍ നിന്നാണ് ആര്‍ആര്‍വിഎല്‍ നിക്ഷേപം സ്വീകരിച്ചത്. ''റിലയന്‍സ് റീട്ടെയില്‍ ഇന്ത്യയിലെ പ്രമുഖ റീട്ടെയില്‍ ബിസിനസുകളിലൊന്നായി അതിവേഗം സ്വയം വളരുകയാണ്, കൂടാതെ അതിന്റെ ഭൗതിക, ഡിജിറ്റല്‍ വിതരണ ശൃംഖലകളെ സ്വാധീനിക്കുന്നതിലൂടെ കൂടുതല്‍ വളര്‍ച്ചയ്ക്ക് ശക്തമായി സ്ഥാനം പിടിച്ചിരിക്കാന്‍ റിലയന്‍സിന് കഴിയും,' എഡിഐഎയിലെ പ്രൈവറ്റ് ഇക്വിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹമദ് ഷവാന്‍ അല്‍ദഹേരി പറഞ്ഞു.

എഡിഐഎയുടെ നിക്ഷേപം റിലയന്‍സ് റീട്ടെയിലിന്റെ പ്രകടനത്തെയും സാധ്യതയെയും കൂടുതല്‍ ശക്തമാക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.

Author

Related Articles