News

അതിവേഗത്തില്‍ വളരുന്ന ലോകത്തിലെ രണ്ടാമത്തെ കമ്പനിയായി റിലയന്‍സ്

ന്യൂഡല്‍ഹി: അതിവേഗത്തില്‍ വളരുന്ന ലോകത്തിലെ തന്നെ രണ്ടാമത്തെ കമ്പനിയെന്ന പദവി സ്വന്തമാക്കി മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയ്ല്‍ ലിമിറ്റഡ്. ഡിലോയിറ്റിന്റെ 2021ലെ കണക്കുകള്‍ പ്രകാരമാണ് റിലയന്‍സ് റീട്ടെയ്ല്‍ വളര്‍ച്ചയില്‍ രണ്ടാം റാങ്ക് സ്വന്തമാക്കിയിരിക്കുന്നത്. റീട്ടെയ്ല്‍ ബിസിനസ് രംഗത്തെ ആഗോള ഭീമന്‍ന്മാരുടെ പട്ടികയില്‍ നിലവില്‍ 53ാം സ്ഥാനത്ത് ആണ് റിലയന്‍സ് ഉളളത്. നേരത്തെ റിലയന്‍സ് 56ാം സ്ഥാനത്ത് ആയിരുന്നുവെന്ന് ഡിലോയ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

റീട്ടെയ്ല്‍ ബിസിനസ്സ് രംഗത്തെ ആഗോള ഭീമനായ അമേരിക്കന്‍ കമ്പനി വാള്‍മാര്‍ട്ട് ആണ് പട്ടികയില്‍ ഒന്നാമത്. ആമസോണ്‍ രണ്ടാമത് എത്തിയപ്പോള്‍ അമേരിക്കന്‍ കമ്പനിയായ കോസ്ററ്കോ ഹോള്‍സെയില്‍ കോര്‍പറേഷന്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. ജെര്‍മന്‍ കമ്പനിയായ ഷിവാര്‍സ് ഗ്രൂപ്പ് ആണ് പട്ടികയില്‍ നാലാമത് ഉളളത്.

റീട്ടെയ്ല്‍ രംഗത്ത് മുന്നിട്ട് നില്‍ക്കുന്ന ലോകത്തെ പത്ത് കമ്പനികളുടെ പട്ടികയില്‍ ഏഴെണ്ണവും അമേരിക്കന്‍ കമ്പനികളാണ്. അഞ്ചാം സ്ഥാനത്ത് ദ ക്രോഗര്‍ കോ, ആറാം സ്ഥാനത്ത് വാള്‍ഗ്രീന്‍ ബൂട്ട്സ് അലൈന്‍സ്, ഒന്‍പതാം സ്ഥാനത്ത് സിവിഎസ് ഹെല്‍ത്ത് കോര്‍പറേഷന്‍ എന്നിവയാണ് പട്ടികയില്‍ ആദ്യപത്തില്‍ ഇടം പിടിച്ച മറ്റ് അമേരിക്കന്‍ കമ്പനികള്‍. ജര്‍മ്മന്‍ കമ്പനിയായ അല്‍ദി ഇന്‍കോഫ് ജിഎംപിബ്ബ് ആന്‍ഡ് കോ ആണ് എട്ടാം സ്ഥാനത്ത് ഉളളത്.

ആഗോള റീട്ടെയ്ല്‍ ബിസിനസ്സ് രംഗത്തെ 250 കമ്പനികള്‍ ആണ് ഡെലോയിറ്റ് തയ്യാറാക്കിയ പട്ടികയില്‍ ഉളളത്. റിലയന്‍സ് മാത്രമാണ് പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ കമ്പനി. റീട്ടെയ്ല്‍ രംഗത്തെ ആഗോള ഭീമന്‍മാരുടെ പട്ടികയില്‍ ഇത് തുടര്‍ച്ചയായ നാലാം തവണയാണ് റിലയന്‍സ് ഇടം പിടിക്കുന്നത്. കഴിഞ്ഞ തവണ റിലയന്‍സ് വേഗത്തില്‍ വളരുന്ന കമ്പനികളുടെ പട്ടികയില്‍ ഒന്നാമത് ആയിരുന്നു. ഇക്കുറി രണ്ടാം സ്ഥാനത്തേക്ക് വീണു.

Author

Related Articles