News

മിസ്ത്രിയെ പുനരവരോധിച്ച വിധിക്ക് സുപ്രിംകോടതിയുടെ സ്‌റ്റേ; രത്തന്‍ ടാറ്റയ്ക്ക് ആശ്വസിക്കാം

ന്യൂദല്‍ഹി- സൈറസ് മിസ്ത്രിയെ ടാറ്റാഗ്രൂപ്പില്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പുന:നിയമിച്ച ദേശീയ കമ്പനിലോ അപ്പലേറ്റ് അതോറിറ്റിയുടെ വിധി സ്‌റ്റേ ചെയ്ത് സുപ്രിംകോടതി. ടാറ്റാ സണ്‍സ് സമര്‍പ്പിച്ച അപ്പീലിലാണ് ഉത്തരവ്. എന്‍സിഎല്‍റ്റി വിധി ചോദ്യം ചെയ്താണ് ഇവര്‍ കോടതിയെ സമീപിച്ചത്. ഇത്തരമൊരു വിധി പുറപ്പെടുവിക്കാന്‍ ട്രിബ്യൂണലിന് അധികാരമില്ലെന്ന് കരുതുന്നതായി സുപ്രിംകോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ സൈറസ് മിസ്ത്രിയുടെ പുന:സ്ഥാപനത്തിന് വേണ്ടിയുള്ള അപേക്ഷകള്‍ ഇല്ലാതിരുന്നിട്ടും ട്രിബ്യൂണല്‍ ഇക്കാര്യം പരിശോധിക്കുകയും പുനരവരോധിക്കുകയും ചെയ്തതായും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ടാറ്റാ സണ്‍സും രത്തന്‍ ടാറ്റയും സമര്‍പ്പിച്ച ഹര്‍ജികളിലെ വാദത്തെ പ്രഥമദൃഷ്ട്യാ അംഗീകരിക്കുകയായിരുന്നു കോടതി.

എന്‍സിഎല്‍റ്റി ട്രിബ്യൂണലിന്റെ നിയമപരമായ നിലപാട് പരിശോധിച്ചുവരികയാണെന്നും അത് വലിയ അപര്യാപ്തതകള്‍ പ്രകടിപ്പിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. അടിസ്ഥാനപരമായ പിഴവുകള്‍ ദൃശ്യമായതിനാല്‍ കേസ് വിശദമായി പരിശോധിക്കുന്നതിനാണ് കോടതിയുടെ തീരുമാനമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.  കോടതി നടപടിക്രമങ്ങളുടെ ഭാഗമായി സൈറസ് മിസ്ത്രിക്കും സൈറസ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിനും കോടതി നോട്ടീസ് അയച്ചു. കേസില്‍ നാലാഴ്ച്ചക്ക് ശേഷം വിശദമായ വാദം കേള്‍ക്കും. അതേസമയം കമ്പനിനിയമത്തിലെ 25ാം വകുപ്പ് അനുസരിച്ച് ടാറ്റ കമ്പനിയിലെ ന്യൂനപക്ഷ ഓഹരിയുടമകളെ പുറത്താക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 18.5% ഓഹരി പങ്കാളിത്തമുള്ള മിസ്ത്രി കുടുംബത്തിന്റെ ആശങ്കകള്‍ ഇതോടെ പരിഹരിക്കപ്പെട്ടിട്ടുണ്ട്.

News Desk
Author

Related Articles