News

ടെലികോം രംഗത്തിന് കൈത്താങ്ങേകാന്‍ കേന്ദ്രസര്‍ക്കാര്‍; സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: പ്രതിസന്ധി നേരിടുന്ന ടെലികോം രംഗത്തിന് കൈത്താങ്ങേകാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ചേക്കും. സര്‍ക്കാരിനു നല്‍കാനുള്ള അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു (എജിആര്‍) കുടിശികയും സ്‌പെക്ട്രം ചാര്‍ജുകളും മിക്ക കമ്പനികള്‍ക്കും വന്‍ ബാധ്യതയാണ് വരുത്തിയിരിക്കുന്നത്. വോഡഫോണ്‍, എയര്‍ടെല്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ എജിആര്‍ കുടിശിക കണക്കാക്കുന്നതില്‍ അനുകൂല തീരുമാനത്തിനായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളിയിരുന്നു. പാക്കേജ് രൂപരേഖ അടുത്ത ആഴ്ച തന്നെ ധനമന്ത്രാലയത്തിനു കൈമാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അംഗീകരിച്ചാല്‍ ഈ മാസം അവസാനം തന്നെ പ്രഖ്യാപനമുണ്ടാകും. ഉപയോഗിക്കാത്ത സ്‌പെക്ട്രം തിരിച്ചു നല്‍കാനും ബാങ്ക് ഗ്യാരന്റി കുറയ്ക്കാനുമുള്ള നടപടികള്‍ ഉണ്ടാകുമെന്നാണു കരുതുന്നത്. പ്രതിസന്ധി രൂക്ഷമായതോടെ വോഡഫോണ്‍ ഐഡിയ കമ്പനിയിലെ തന്റെ മുഴുവന്‍ ഓഹരിയും ഏതെങ്കിലും പൊതുമേഖലാ ആഭ്യന്തര ധനകാര്യ സ്ഥാപനത്തിന് നല്‍കാന്‍ തയാറാണെന്ന് ആദിത്യ ബിര്‍ല ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനം അദ്ദേഹം ഇന്നലെ ഒഴിഞ്ഞു.

Author

Related Articles