News

ഡയസ്പോറ ബോണ്ടുകളുമായി സംസ്ഥാന സര്‍ക്കാര്‍; ലക്ഷ്യം കോവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കല്‍

പ്രവാസികളുടെ പണം കേരള വികസനത്തിന് ലഭ്യമാക്കുന്നതിന് ഡയസ്പോറ ബോണ്ടുകളുമായി സംസ്ഥാന സര്‍ക്കാര്‍. ലക്ഷക്കണക്കിന് വരുന്ന പ്രവാസി മലയാളികളുടെ നിക്ഷേപം സ്വീകരിച്ച് സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നേരത്തെ തന്നെ ലോകബാങ്കുമായി സഹകരിച്ച് ഡയസ്പോറ ബോണ്ടുകള്‍ പുറത്തിറക്കുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ നടന്നു വരികയായിരുന്നു. ഇപ്പോള്‍ കോവിഡ് വരുത്തി വെച്ച സാമ്പത്തിക മാന്ദ്യത്തിന്റെ അടിസ്ഥാനത്തില്‍ അത് യുദ്ധകാലാടിസ്ഥാനത്തില്‍ പുറത്തിറക്കാനാണ് തീരുമാനം. അതിനായി റെഗുലേറ്ററി അനുമതികള്‍ക്കായി ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രവാസികള്‍, പ്രത്യേകിച്ചും ഗള്‍ഫ് മേഖലയിലുള്ളവര്‍ കുറഞ്ഞ പലിശ നിരക്കില്‍ നിക്ഷേപിച്ചിട്ടുള്ള പണം ഡയസ്പോറ ബോണ്ടുകളിലൂടെ സമാഹരിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം.

ധനകാര്യവകുപ്പിന് കീഴില്‍ രൂപീകരിക്കപ്പെട്ട കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) ആയിരിക്കും ബോണ്ട് പുറത്തിറക്കുക. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയടക്കം ഡയസ്പോറ ബോണ്ടിന് ആവശ്യമായ അനുമതികള്‍ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് കിഫ്ബിയെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബോണ്ട് വിതരണമടക്കമുള്ള കാര്യങ്ങളില്‍ കണ്‍സോര്‍ഷ്യമായി പ്രവര്‍ത്തിക്കുന്നതിനായി ലീഡ് മാനേജര്‍മാരെന്ന നിലയില്‍ ധനകാര്യ സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും ഓരോ ധനകാര്യ സ്ഥാപനങ്ങളെയാകും ഉള്‍പ്പെടുത്തുക.

ഇന്ത്യന്‍ രൂപയിലാണ് ബോണ്ട് വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്തിന് പുറത്തുള്ള മലയാളികളെയും മറ്റു ഇന്ത്യക്കാരെയും ബോണ്ടിലൂടെ ലക്ഷ്യമിടുന്നുണ്ട്. കേരളത്തിലേക്ക് 2019 ല്‍ വിദേശത്ത് നിന്ന് എത്തിയത് 14 ബില്യണ്‍ ഡോളറാണെന്നാണ് അനൗദ്യോഗിക കണക്ക്. 2018 ല്‍ 13 ബില്യണ്‍ ഡോളറും. പ്രവാസികളിലൂടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണമെത്തുന്നത് പഞ്ചാബിലേക്കും കേരളത്തിലേക്കുമാണ്. ഏകദേശം 83 ബില്യണ്‍ ഡോളര്‍ പ്രതിവര്‍ഷം ഇന്ത്യയിലെത്തുമ്പോള്‍ അതില്‍ 15 ശതമാനവും കേരളത്തിലേക്കാണ്. ഈ പണം നാടിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തുക എന്നതാണ് ഡയസ്പോറ ബോണ്ടിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം.

Author

Related Articles