News

ആശങ്കയകലുന്നു; ഡീലര്‍മാരുമായി നഷ്ടപരിഹാര ചര്‍ച്ച നടത്തി ഫോര്‍ഡ്

ഇന്ത്യയില്‍ നിന്നുള്ള പിന്മാറ്റ പ്രഖ്യാപനത്തിന് പിന്നാലെ ആശങ്കയിലായ ഡീലര്‍മാരുമായി അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് കൂടിക്കാഴ്ച നടത്തി. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് കൂടിക്കാഴ്ച നടത്തിയത്. ഇതുമായി വ്യക്തത നല്‍കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട് എഫ്എഡിഎ (ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബീല്‍ ഡീലേഴ്സ് അസോസിയേഷന്‍) നേരത്തെ ഫോര്‍ഡ് മേധാവിക്ക് കത്ത് അയച്ചിരുന്നു. അതേസമയം, കമ്പനി നിശ്ചയിച്ച വെളിപ്പെടുത്താത വ്യവസ്ഥയില്‍ 170 ഡീലര്‍മാരില്‍ ഭൂരിഭാഗം പേരും ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്.

ഫോര്‍ഡിന്റെ ഗുരുഗ്രാമിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ഫോര്‍ഡ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അനുരാഗ് മെഹ്രോത്രയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ 10 പ്രധാന ഡീലര്‍മാരാണ് പങ്കെടുത്തത്. അതേസമയം, ഡീലര്‍മാരുടെ നഷ്ടപരിഹാരത്തിനായി ഫോര്‍ഡ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ''ഞങ്ങളുടെ ഡീലര്‍ പങ്കാളികള്‍ക്ക് തുടര്‍ച്ചയായ ലാഭകരമായ ബിസിനസ് ഉറപ്പാക്കുന്ന ഒരു പദ്ധതി ഞങ്ങളുടെ പക്കലുണ്ട്. പുറത്തുള്ള മറ്റാരെക്കാളും ആദ്യം ഞങ്ങളുടെ ഡീലര്‍മാരുമായി ഈ വിവരം പങ്കിടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു'' ഡീലര്‍മാര്‍ക്കുള്ള നഷ്ടപരിഹാരത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഫോര്‍ഡ് ഇന്ത്യയുടെ വക്താവ് പറഞ്ഞതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

ഡീലര്‍മാര്‍ക്ക് നഷ്ടപരിഹാരവും 10-15 വര്‍ഷത്തേക്ക് വാഹനങ്ങള്‍ സര്‍വീസ് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കാന്‍ കമ്പനി തയ്യാറാണെന്നാണ് സൂചന. 'എല്ലാ ഡീലര്‍മാര്‍ക്കും ന്യായമായ നഷ്ടപരിഹാരം ലഭിക്കുമെന്നും 10-15 വര്‍ഷത്തേക്ക് വാഹന സര്‍വീസ് സൗകര്യം ഒരുക്കുമെന്നുമുള്ള രേഖാമൂലമായ ഉറപ്പ് കമ്പനി നല്‍കിയിട്ടുണ്ട്'' യോഗത്തില്‍ പങ്കെടുത്ത ഒരാള്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനി ഡീലര്‍മാരുമായി മുന്നോട്ടുപോകുമെന്ന് ഫോര്‍ഡ് ഇന്ത്യ വക്താവ് പറഞ്ഞു. 'ഞങ്ങളുടെ നിലവിലുള്ള ഉപഭോക്താക്കള്‍ക്കായി സേവനം, വാറന്റി പിന്തുണ എന്നിവ ഉറപ്പാക്കി പൂര്‍ണ ഉപഭോക്തൃ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നത് തുടരും' അദ്ദേഹം പറഞ്ഞു. നിലവില്‍ ഇന്ത്യയില്‍ 170 ഡീലര്‍മാരും 391 ഔട്ടലെറ്റുകളുമാണ് ഫോര്‍ഡിനുള്ളത്. ഇവയ്ക്കായി ഏകദേശം 2,000 കോടി രൂപയാണ് ഡീലര്‍മാര്‍ നിക്ഷേപിച്ചിട്ടുള്ളത്. ഈ ഡിലര്‍ഷിപ്പ് കേന്ദ്രങ്ങളിലായി 40,000 ജീവനക്കാരുമുണ്ട്. 1500 വാഹനങ്ങളാണ് ഡീലര്‍മാരുടെ കൈവശമുള്ളത്.

Author

Related Articles