News

റീട്ടെയില്‍ പണപ്പെരുപ്പം ഡിസംബറില്‍ 5 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം ഡിസംബറില്‍ അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഉപഭോക്തൃ വിലകളിലെ മാറ്റമാണ് സൂചികയില്‍ പ്രതിഫലിച്ചത്. ഭക്ഷ്യവസ്തുക്കളുടെയും ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കളുടെയും വിലക്കയറ്റം, ഡിസംബറില്‍ 5.59% വര്‍ധിച്ചു. നവംബറില്‍ ഇത് 4.91% മായിരുന്നു.

വിവിധ പച്ചക്കറികളുടെ വില ഈ കാലയളവില്‍ ഉയര്‍ന്നതാണ് നവംബറില്‍ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം കൂട്ടിയതെങ്കില്‍ ഡിസംബറില് ഉപഭോക്തൃ സാധനങ്ങള്‍ക്കെല്ലാം വിലകൂടി. 2021 ഒക്ടോബറില്‍ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം 4.48 ശതമാനമായിരുന്നു. 2020 നവംബറിലെ 6.93 ശതമാനമായിരുന്നു വിലക്കയറ്റം. നവംബറിലെ ഉപഭോക്തൃ വില സൂചന അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സാമ്പത്തിക വിദഗ്ധര്‍ നേരത്തെ പ്രവചിച്ചതിനേക്കാള്‍ കുറവായിരുന്നു.

റീട്ടെയില്‍ പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ലക്ഷ്യമായ 2-6 ശതമാനത്തിന് താഴെയാണെങ്കിലും, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത് ക്രമേണ ഉയരുകയാണ്. സ്ഥിതിഗതികള്‍ അനുസരിച്ച്, തുടര്‍ച്ചയായ അഞ്ചാം മാസവും പണപ്പെരുപ്പം സെന്‍ട്രല്‍ ബാങ്കിന്റെ ലക്ഷ്യ പരിധിക്കുള്ളില്‍ തന്നെ തുടരുകയാണ്.

എന്നിരുന്നാലും, ഉയര്‍ന്ന പച്ചക്കറി വില ഉള്‍പ്പെടെയുള്ള സീസണല്‍ ഘടകങ്ങള്‍ കാരണം വില സമ്മര്‍ദ്ദം തുടരുമെന്ന് ആര്‍ബിഐ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. മൂന്നാം പാദത്തില്‍ സൂചന വെറും 5 ശതമാനത്തിലും നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 5.7 ശതമാനത്തിലുമാണ് പ്രതീക്ഷിക്കുന്നതെന്നും ആര്‍ബിഐ പറഞ്ഞിരുന്നു. കൊവിഡ് ഒമിക്‌റോണ്‍ വകഭേദം സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കകള്‍ക്കിടയില്‍ സെന്‍ട്രല്‍ ബാങ്ക് പ്രധാന പോളിസി നിരക്കുകള്‍ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Author

Related Articles