News

കമ്പനികളില്‍ ചെറുകിട നിക്ഷേപകരുടെ ഓഹരി വിഹിതത്തില്‍ റെക്കോര്‍ഡ് വര്‍ധന

നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇ) ലിസ്റ്റ് ചെയ്ത കമ്പനികളില്‍ ചെറുകിട നിക്ഷേപകരുടെ ഓഹരി വിഹിതത്തില്‍ റെക്കോര്‍ഡ് കുതിപ്പ്. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ റീട്ടെയില്‍ നിക്ഷേപ വിഹിതം 7.32 ശതമാനമായാണ് ഉയര്‍ന്നത്. മുന്‍പാദത്തില്‍ ഇത് 7.13 ശതമാനമായിരുന്നു. ഒരു വര്‍ഷം മുമ്പാണെങ്കില്‍ 6.9 ശതമാനവും.

അതിസമ്പന്ന (എച്ച്എന്‍ഐ)രുടെ വിഹിതത്തിലും റെക്കോഡ് വര്‍ധനവുണ്ടായിട്ടുണ്ട്. ഡിസംബര്‍ പാദത്തില്‍ 2.26 ശതമാനമാണ് ഈ വിഭാഗക്കാരുടെ വിഹിതം. ഇതോടെ റീട്ടെയില്‍, അതിസമ്പന്ന വിഭാഗങ്ങളുടെ മൊത്തം ഓഹരി വിഹിതം 9.58 ശതമാനമായി. ഉയര്‍ന്ന പണലഭ്യതയും അടച്ചിടലിനെതുടര്‍ന്ന് ലഭിച്ച സമയവുമൊക്കെയാണ് റീട്ടെയില്‍ നിക്ഷേപത്തില്‍ വന്‍വര്‍ധനവുണ്ടാക്കിയത്.

പലിശ നിരക്ക് എക്കാലത്തെയും കുറഞ്ഞ നിലവാരത്തിലെത്തിയതും റീട്ടെയില്‍ നിക്ഷേപകരെ വിപണിയിലേയ്ക്കാകര്‍ഷിച്ചു. എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ ചെറുകിടക്കാരുടെ മൊത്തം നിക്ഷേപമൂല്യം ഇതോടെ 19 ലക്ഷം കോടി രൂപയായി ഉയരുകയും ചെയ്തു. ഒരു വര്‍ഷം മുമ്പത്തെ 12.7 ലക്ഷം കോടി രൂപയില്‍ നിന്ന് 50 ശതമാനമാണ് വര്‍ധന. 2019ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയോളമാണ് വര്‍ധന.

Author

Related Articles