News

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാവി റീട്ടെയ്ല്‍ മേഖലയില്‍; തയാറെടുപ്പുമായി മുകേഷ് അംബാനി

മുംബൈ: ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ ഇതുവരെയുള്ള പ്രധാന ബിസിനസ് എണ്ണയും മറ്റുമായിരുന്നു. അതിന് ശേഷം ജിയോയിലൂടെ വമ്പന്‍ ട്വിസ്റ്റ് മുകേഷ് അംബാനി തന്റെ ബിസിനസില്‍ നടത്തി. ഇനി അദ്ദേഹത്തിന്റെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാവി റീട്ടെയ്ല്‍ മേഖലയിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ റീട്ടെയ്ല്‍ രംഗത്തെ അധിപനാകാന്‍ മുകേഷ് തയാറെടുപ്പ് നടത്തുകയാണെന്നാണ് വിവരം. 

2016നെ അപേക്ഷിച്ച് 2020ല്‍ റിലയന്‍സിന്റെ റീട്ടെയ്ല്‍ വിഭാഗത്തിന്റെ വളര്‍ച്ച അഞ്ച് മടങ്ങായിരുന്നു എങ്കിലും 2021 സാമ്പത്തിക വര്‍ഷത്തില്‍ വലിയ നേട്ടം കൊയ്യാനായില്ല. കോവിഡ് മഹാമാരിയുടെ ഫലമായി വിപണിയിലുണ്ടായ മാന്ദ്യമായിരുന്നു കാരണം. എന്നാല്‍ ഈ സമയം ചില്ലറ വില്‍പ്പന രംഗത്തെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം കെട്ടിപ്പടുത്ത് പുതിയ കാലത്തിനായി ഒരുങ്ങുകയായിരുന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്ന് ഗോള്‍ഡ്മാന്‍ സാക്‌സിന്റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഓഫ്‌ലൈനായി സാന്നിധ്യം ശക്തമാക്കുന്നതിനോടൊപ്പം തന്നെ ഓണ്‍ലൈന്‍ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിയുള്ള സമീപനമാണ് റിലയന്‍സ് സ്വീകരിക്കുന്നത്. റീട്ടെയ്ല്‍ രംഗത്ത് ഒമ്‌നി ചാനല്‍ മാതൃകയായിരിക്കും റിലയന്‍സ് സ്വീകരിക്കുക. 

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റീട്ടെയ്ല്‍ വരുമാനം പ്രതിവര്‍ഷം 36 ശതമാനം വളര്‍ച്ചാ നിരക്കിലായിരിക്കും കുതിക്കുകയെന്ന് കണക്കാക്കപ്പെടുന്നു. റീട്ടെയ്‌ലില്‍ നിന്ന് മാത്രമുള്ള വരുമാനം 44 ബില്യണ്‍ ഡോളറാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൊത്തം റീട്ടെയ്ല്‍ വരുമാനത്തിന്റെ 35 ശതമാനം ഇ-കൊമേഴ്‌സില്‍ നിന്നുള്ള വരുമാനമാകും. 2025 ആകുമ്പോഴേക്കും മൊത്തം വരുമാനം 44 ബില്യണ്‍ ഡോളറാകുമ്പോള്‍ ഇ-കൊമേഴ്‌സ് വരുമാനം 15 ബില്യണ്‍ ഡോളറായി കുതിക്കും. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഓണ്‍ലൈന്‍ ഗ്രോസറി വിഭാഗത്തില്‍ റിലയന്‍സിന്റെ വിപണി വിഹിതം 50 ശതമാനമായി കുതിക്കുമെന്നും വിപണി വിദഗ്ധര്‍ പറയുന്നു. ഈ മേഖലയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി വിഹിതം 30 ശതമാനമായി ഉയരും.

News Desk
Author

Related Articles