News

ചെമ്മീന്‍ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം 2021ല്‍ 4.3 ബില്യണ്‍ ഡോളറായി ഉയരുമെന്ന് ക്രിസില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചെമ്മീന്‍ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം 2021ല്‍ ഏകദേശം 4.3 ബില്യണ്‍ ഡോളറായി ഉയരുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ വിലയിരുത്തല്‍. ആവശ്യകതയില്‍ പ്രകടമാകുന്ന വീണ്ടെടുപ്പും വിതരണ ശൃംഖലകളുടെ പുനഃസ്ഥാപനവും ഇതിന് വഴിയൊരുക്കും. കഴിഞ്ഞ വര്‍ഷം കോവിഡ് 19 കയറ്റുമതിക്ക് വലിയ തടസങ്ങള്‍ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം വളര്‍ച്ചയാണ് രാജ്യത്തെ ചെമ്മീന്‍ കയറ്റുമതി വരുമാനത്തില്‍ പ്രതീക്ഷിക്കുന്നത്.

2020ല്‍ ആഗോളതലത്തില്‍ ചെമ്മീന്‍ കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇന്ത്യ ഈ വര്‍ഷം ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്നാണ് വിലയിരുത്തല്‍. ക്രിസില്‍ റേറ്റ് ചെയ്തിട്ടുള്ള 97 കയറ്റുമതിക്കാരില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ചെമ്മീന്‍ കയറ്റുമതി വരുമാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഈ കയറ്റുമതിക്കാര്‍ക്കു കീഴിലാണ്.

2019ലെ 4.7 ബില്യണ്‍ ഡോളറില്‍ നിന്ന് 2020ല്‍ 3.6 ബില്യണ്‍ ഡോളറായി ചെമ്മീന്‍ കയറ്റുമതി വ്യാപാരം കുറഞ്ഞു. ഒന്നാം സ്ഥാനത്തെത്തിയ ഇക്വഡോര്‍ 3.7 ബില്യണ്‍ ഡോളറിന്റെ ചെമ്മീന്‍ കയറ്റുമതി നടത്തി. കോവിഡ് നിയന്ത്രണങ്ങള്‍ താരതമ്യേന കുറവായതും, ചൈനയില്‍ പാകം ചെയ്യാത്ത ചെമ്മീനിന്റെ ആവശ്യകതയില്‍ ഉണ്ടായ ഉണര്‍വുമാണ് ഇക്വഡോറിന് മുന്നേറാന്‍ സഹായിച്ചത്.ലോകമെമ്പാടുമുള്ള ചെമ്മീന്‍ മൊത്ത വില്‍പ്പനയുടെ 55 ശതമാനവും ഇന്ത്യ, ഇക്വഡോര്‍, വിയറ്റ്‌നാം എന്നീ രാഷ്ട്രങ്ങളാണ് കൈകാര്യം ചെയ്യുന്നത്.   

ഇന്ത്യയുടെ ചെമ്മീന്‍ കയറ്റുമതി 2020 ല്‍ 23 ശതമാനം ചുരുങ്ങി. രാജ്യത്തിനകത്തെ നിയന്ത്രണങ്ങള്‍ക്കൊപ്പം പ്രധാന കയറ്റുമതി വിപണികളില്‍ ഡിമാന്‍ഡ് കുറഞ്ഞതും തിരിച്ചടിക്ക് കാരണമായി. കോവിഡ് രണ്ടാം തരംഗം ആദ്യ തരംഗത്തെ പോലെ കയറ്റുമതി പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല. അതിനാല്‍ മുന്നൊരുക്കത്തോടെയും ആസൂത്രണത്തോടെയുമുള്ള പ്രവര്‍ത്തനം 20 ശതമാനം വളര്‍ച്ച നേടാന്‍ ഈ മേഖലയെ സഹായിക്കുമെന്നാണ് ക്രിസില്‍ വിലയിരുത്തുന്നത്.

ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ നിര്‍മ്മാതാക്കള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍മ്മിച്ച അക്വാകള്‍ച്ചര്‍ സോണുകളില്‍ നിന്നും വൈദ്യുതിയിലും മറ്റും ലഭിക്കുന്ന സബ്‌സിഡികളിലൂടെയും ഇപ്പോള്‍ അധിക നേട്ടം ലഭിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വാക്‌സിനേഷന്‍ വിപുലമാക്കുന്നതും കേരളം ഉള്‍പ്പടെയുള്ള പ്രധാന ഉല്‍പ്പാദനക സംസ്ഥാനങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് എത്തുന്നതും വളര്‍ച്ചയെ നയിക്കും.

Author

Related Articles