News

കോവിഡിലും നേട്ടം കണ്ടെത്തി കേരളത്തിലെ ബാങ്കുകള്‍; ആദ്യ പാദത്തില്‍ മികച്ച പ്രകടനം

കൊച്ചി: കോവിഡിലും നേട്ടം കണ്ടെത്തി കേരളത്തിലെ ബാങ്കുകള്‍. കേരളം ആസ്ഥാനമായുള്ള നാലു വാണിജ്യ ബാങ്കുകളും നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കൈവരിച്ചതു മികച്ച നേട്ടം. കോവിഡ് വ്യാപനം മൂലം വ്യവസായ, വാണിജ്യ മേഖലകള്‍ സ്തംഭിച്ച പശ്ചാത്തലത്തിലും വരുമാനം, പ്രവര്‍ത്തന ലാഭം എന്നിവയില്‍ വര്‍ധന നേടാന്‍ കഴിഞ്ഞെന്നതാണു ശ്രദ്ധേയം. വരുമാനത്തില്‍ 539.91 കോടി രൂപയുടെയും പ്രവര്‍ത്തന ലാഭത്തില്‍ 338.65 കോടിയുടേതുമാണു വര്‍ധന.

രാജ്യത്തെ മിക്ക പൊതുമേഖലാ ബാങ്കുകളുടെയും ചില പ്രമുഖ സ്വകാര്യ ബാങ്കുകളുടെയും കിട്ടാക്കടം ഏപ്രില്‍  ജൂണ്‍ കാലയളവില്‍ വലിയ വര്‍ധന രേഖപ്പെടുത്തുകയാണുണ്ടായത്. എന്നാല്‍ ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സിഎസ്ബി ബാങ്ക് എന്നിവ ഉള്‍പ്പെടുന്ന സംസ്ഥാനത്തെ വാണിജ്യ ബാങ്കിങ് മേഖലയിലെ അറ്റ കിട്ടാക്കടം ഈ കാലയളവില്‍ വെറും രണ്ടു ശതമാനത്തിലൊതുങ്ങി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം ത്രൈമാസത്തില്‍ നാലു ബാങ്കുകളുടെയും കൂടി മൊത്ത വരുമാനം 6339.97 കോടി രൂപയായിരുന്നത് ഇക്കഴിഞ്ഞ ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ 6879.88 കോടിയിലെത്തി. മൊറട്ടോറിയം ഉള്‍പ്പടെ ബാങ്കിങ് വ്യവസായം ഏറ്റവും വലിയ വെല്ലുവിളി നേരിട്ട വേളയിലാണു വരുമാനത്തിലെ 8.52% വര്‍ധന.നാലു ബാങ്കുകളുടെ മൊത്തം പ്രവര്‍ത്തന ലാഭം 1508.26 കോടിയായപ്പോഴുണ്ടായ വര്‍ധന 28.95 ശതമാനമാണ്. അറ്റാദായത്തില്‍ 9.1% വര്‍ധനയുണ്ടായി. 496.85 കോടിയായിരുന്നു 2019 ഏപ്രില്‍  ജൂണ്‍ കാലത്തെ അറ്റാദായം. ഇക്കഴിഞ്ഞ ഏപ്രില്‍  ജൂണ്‍ കാലത്തെ അറ്റാദായം 542.07 കോടി.

Author

Related Articles