News

ഏഷ്യയിലെ ഏറ്റവും സമ്പന്ന കുടുംബമായി അംബാനി കുടുംബം; ആകെ ആസ്തി 76 ബില്യണ്‍ ഡോളര്‍

ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കുടുംബമായി അംബാനി കുടുംബത്തെ തിരഞ്ഞെടുത്തു. 76 ബില്യണ്‍ ഡോളറാണ് അംബാനി കുടുംബത്തിന്റെ ആകെ ആസ്തി. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം ഏഷ്യയിലെ 20 സമ്പന്ന കുടുംബങ്ങളുടെ പട്ടികയിലാണ് അംബാനി കുടുംബം മുന്‍നിരയിലെത്തിയത്. ഏഷ്യയിലെ മികച്ച 20 സമ്പന്ന കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള മൊത്തം ആസ്തിയായ 463 ബില്യണ്‍ ഡോളറില്‍ 17% അംബാനി കുടുംബമാണ് സ്വന്തമാക്കിയിരിക്കുന്നത്. കുടുംബത്തിലെ സമ്പത്തിലുള്ള വര്‍ദ്ധനവിന് പ്രധാന കാരണം റിലയന്‍സിന്റെ ധനസമാഹരണമാണ്.

രണ്ടാമത്തെ സമ്പന്ന കുടുംബമായ ഹോങ്കോങ്ങിലെ ക്വോക്ക് കുടുംബത്തേക്കാള്‍ ഇരട്ടിയിലധികം സമ്പന്നരാണ് അംബാനി കുടുംബം. ദക്ഷിണ കൊറിയയിലെ ലീ കുടുംബമാണ് (സാംസങ്ങിന്റെ ഉടമ) ഏഷ്യയിലെ മൂന്നാമത്തെ സമ്പന്ന കുടുംബം. ബ്ലൂംബെര്‍ഗ് സൂചിക പ്രകാരം ലീ കുടുംബത്തിന്റെ മൊത്തം സമ്പത്ത് 26.6 ബില്യണ്‍ ഡോളറാണ്.

കൊവിഡ് മഹാമാരി സമയത്ത് അംബാനി കുടംബത്തിന്റെ സമ്പത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ലോകം മുഴുവന്‍ പകര്‍ച്ചവ്യാധിയോട് പോരാടുന്നതിനിടയിലും ഇന്ത്യയിലെ ഏറ്റവും ധനികനും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനുമായ മുകേഷ് അംബാനി ധനസമാഹരണത്തിലായിരുന്നു. പ്രമുഖ സ്വകാര്യ നിക്ഷേപകരായ കെ.കെ.ആര്‍, ടി.പി.ജി, ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങി നിരവധി ബിസിനസ് ഭീമന്മാരില്‍ നിന്ന് അംബാനി 20.2 ബില്യണ്‍ ഡോളര്‍ സമാഹരിച്ചു.

ഡിജിറ്റല്‍ വിഭാഗത്തില്‍ 20 ബില്യണ്‍ ഡോളര്‍ സമാഹരിച്ച ശേഷം, ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ്, റീട്ടെയില്‍ ബിസിനസായ റിലയന്‍സ് റീട്ടെയിലിലും ധനസമാഹരണത്തിന് തുടക്കം കുറിച്ചു. റീട്ടെയില്‍ സംരംഭത്തിനായി ധനസമാഹരണത്തിന്റെ നിലവിലെ ഘട്ടം പൂര്‍ത്തിയാക്കിയതായി ആര്‍ഐഎല്‍ കഴിഞ്ഞ മാസം ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

റിലയന്‍സ് റീട്ടെയിലിലെ 10.09 ശതമാനം ഓഹരികള്‍ വിറ്റ് കമ്പനി 47,000 കോടി രൂപ സമാഹരിച്ചു. ചില്ലറ വില്‍പ്പന മേഖലയിലെ ഏറ്റവും വലിയ ധനസമാഹരണ പരിശീലനമാണിതെന്നും രണ്ട് മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയായെന്നതും ഇവിടെ എടുത്തുപറയേണ്ടതാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയും വലിയൊരു ധനസമാഹരണവും പരമ്പരാഗത എണ്ണ, വാതക ബിസിനസില്‍ നിന്ന് വൈവിധ്യവത്കരിക്കാനുള്ള അംബാനിയുടെ ശ്രമങ്ങളും കമ്പനിയുടെ വളര്‍ച്ചയ്ക്ക് കാരണമായി.

കഴിഞ്ഞ മാസത്തെ ഇടിവിന് സാക്ഷ്യം വഹിക്കുന്നതിനുമുമ്പ് ആര്‍ഐഎല്‍ ഓഹരികള്‍ ഈ വര്‍ഷം 50 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു. മുകേഷ് അംബാനിയുടെ സഹോദരനായ അനില്‍ അംബാനിയുടെ (എ.ഡി.എ.ജി ചെയര്‍മാന്‍) സമ്പത്തില്‍ ഇടിവുണ്ടായിട്ടും അംബാനി ഒന്നാം സ്ഥാനം നിലനിര്‍ത്തി.

Author

Related Articles