News

വിദേശ വായ്പകള്‍ അടച്ചുതീര്‍ക്കാന്‍ 10,500 കോടി രൂപ സമാഹരിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കോര്‍പ്പറേറ്റ് സ്ഥാപനമായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 140 കോടി ഡോളര്‍ സമാഹരിച്ചു. അതായത്, ഏതാണ്ട് 10,500 കോടി രൂപ. നിലവിലുള്ള വിദേശ വായ്പകള്‍ അടച്ചുതീര്‍ക്കാനാണ് പുതുതായി കടമെടുത്തിരിക്കുന്നത്. നിലവിലുള്ള വായ്പയുടെ പലിശ നിരക്കിനെക്കാള്‍ ഏതാണ്ട് 0.70 ശതമാനം കുറവാണ് പുതിയ വായ്പയുടേതെന്നാണ് സൂചന. പലിശ ബാധ്യത കുറയാന്‍ ഇത് ഇടയാക്കും.

പതിനാല് അന്താരാഷ്ട്ര ബാങ്കുകളുമായി വായ്പ സംബന്ധിച്ച ധാരണയിലെത്തിയിട്ടുണ്ട്. റിലയന്‍സിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് ഹോള്‍ഡിങ്സ് യു.എസ്.എ.യുടെ വായ്പാ തിരിച്ചടവിനാണ് ഈ തുക വിനിയോഗിക്കുക. ഏതെങ്കിലുമൊരു ഇന്ത്യന്‍ കമ്പനി അന്താരാഷ്ട്ര ബാങ്കുകളില്‍നിന്ന് വായ്പാ പുനഃക്രമീകരണത്തിനായി ഈ വര്‍ഷം സമാഹരിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്.

സിറ്റി ബാങ്ക്, ബാര്‍ക്ലെയ്സ്, ഡി.ബി.എസ്. ബാങ്ക് എന്നിവയില്‍നിന്ന് പണം സമാഹരിച്ചിട്ടുണ്ടെന്നാണ് സൂചന. എസ്.ബി.ഐ.യും പട്ടികയിലുണ്ടെന്നാണ് അറിയുന്നത്. ിലയന്‍സിന്റെ റീട്ടെയില്‍ ഡിവിഷന്‍ 10.09 ശതമാനം ഓഹരി കൈമാറി 47,265 കോടി രൂപയും ടെലികോം സംരംഭമായ ജിയോ ഏതാണ്ട് 33 ശതമാനം ഓഹരി വിറ്റ് 1.52 ലക്ഷം രൂപയും സമാഹരിച്ചിരുന്നു. ഇത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കടബാധ്യത കുറയാന്‍ സഹായിച്ചിട്ടുണ്ട്.

Author

Related Articles