News

റിലയന്‍സ് വാര്‍ഷിക പൊതുയോഗ പ്രഖ്യാപനങ്ങള്‍ ഫലം കണ്ടില്ല; വിപണി മൂല്യത്തില്‍ 1.30 ലക്ഷം കോടി രൂപയുടെ ഇടിവ്

44-ാമത് വാര്‍ഷിക പൊതുയോഗത്തിലെ പ്രഖ്യാപനങ്ങള്‍ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. രണ്ടുദിവസത്തിനിടെ റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 1.30 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി. വെള്ളിയാഴ്ച ഓഹരി വില 2.8 ശതമാനം താഴ്ന്ന് 2,093 നിലവാരത്തിലെത്തി. ഇതോടെ കഴിഞ്ഞ നാലുദിവസത്തിനിടെ ഓഹരി വിലയില്‍ ആറുശതമാനത്തിലേറെ നഷ്ടമുണ്ടായി. വന്‍പ്രതീക്ഷയില്‍ ആറാഴ്ചക്കിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വിലയില്‍ 17 ശതമാനത്തോളം ഉയര്‍ച്ചയുണ്ടായിരുന്നു.

പ്രതീക്ഷിച്ചതുപോലെ സ്മാര്‍ട്ഫോണ്‍ പ്രഖ്യാപിച്ചെങ്കിലും ജിയോയുടെ ഐപിഒ ഉള്‍പ്പടെയുള്ളവയുടെ പ്രഖ്യാപനം ഇല്ലാതെ പോയതാണ് ഓഹരിയെ ബാധിച്ചതെന്നാണ് വിലയിരുത്തല്‍. അതേസമയം, മികച്ച പ്രവര്‍ത്തനഫലമാണ് കമ്പനി പുറത്തുവിട്ടത്. ടെലികോം താരിഫ് വര്‍ധനയാണ് പ്രധാനമായും വരുമാന വര്‍ധനവിന് പിന്നില്‍. 

ഹരിത ഊര്‍ജമേഖലയിലേയ്ക്കുളള കമ്പനിയുടെ ചുവടുവെയ്പും വാര്‍ഷിക പൊതുയോഗത്തില്‍ പ്രഖ്യാപിച്ചു. 75,000 കോടി രൂപയാണ് ഇതിനായി നീക്കിവെയ്ക്കുന്നത്. നിലവില്‍ വിപണിയിലുള്ളതിനേക്കാള്‍ വിലക്കുറവില്‍ സവിശേഷ ഫീച്ചറുകളോടെ 4ജി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുമെന്നും പൊതുയോഗത്തില്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.

Author

Related Articles