News

ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം മുടങ്ങുന്നു; പ്രവര്‍ത്തനം തുടങ്ങാന്‍ 1500 കോടി സമാഹരിക്കുമെന്നറിയിച്ച് കമ്പനി രംഗത്ത്

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇപ്പോള്‍ പുതിയൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനായി 1500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും ഇതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചുവെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് അറിയിച്ചു. സര്‍ക്കാറിന്റെ എംപവേര്‍ഡ് എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയും (ഇഇസി) ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനം പടുത്തുയര്‍ത്തുക എന്ന ലക്ഷ്യമാണ് പുതിയ നിക്ഷേപ സമാഹരണത്തിലൂടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലക്ഷ്യമിടുന്നത്. ശ്രേഷ്ട പദവിയെന്ന ബഹുമാനം നല്‍കിയ സ്ഥിതിക്ക് റിലയന്‍സ് ഏറ്റവും വലിയ പദ്ധതികളാകും വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കുക. എന്നാല്‍ രാജ്യത്ത് ആദ്യമായി ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന് ശ്രേഷ്ട പദവി നല്‍കിയത് വലിയ എതിര്‍പ്പുകളാണ് ഉയര്‍ത്തിയത്.  തറക്കല്ല് പോലുമിടാത്ത ഒരു സ്ഥാപനത്തിന് ഇത്ര വലിയ പദവി വേണമോ എന്നായിരുന്നു രാജ്യത്തെ വിവിധ മേഖലകളിലുള്ളവര്‍ കേന്ദ്രസര്‍ക്കാറിനോട് ചോദിച്ചത്. 

ശ്രേഷ്ട പദവിയിലുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സമിതിയാണ് ഇഇസി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പഠന കേന്ദ്രം സ്ഥാപിക്കുന്നതിന് ജിയോ കാലതാമസം നേരിട്ടത് മൂലം ഇഇസി വലിയ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റിലയന്‍സ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി വന്‍ തുക സമാഹരിക്കാന്‍ കമ്പനി അധികൃതര്‍ തന്നെ മുന്നോട്ടുവന്നത്. കാലതാമസം നേരിട്ടതുമൂലം ഏപ്രിലില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വിശദീകരണ നല്‍കണമെന്നാണ് ഇഇസി വ്യക്തമാക്കിയിട്ടുമുണ്ട്. അതേസമയം റിലയന്‍സ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് അന്താരാഷ്ട്ര രംഗത്തുള്ള സര്‍വകലാശാലയുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നാണ് കമ്പനി അധകൃതര്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. 

അക്കാദമിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടി വിവിധ യൂണിവേഴ്‌സിറ്റികളുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, നാന്‍യോംഗ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, എന്നീ യൂണിവേഴ്‌സിറ്റികളുമായി ചര്‍ച്ചകള്‍ ആംരഭിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2018 ല്‍ കേന്ദ്രസര്‍ക്കാര്‍ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ട പദവി നല്‍കിയപ്പോള്‍ വലിയ എതിര്‍പ്പാണ് അന്ന് ഉയര്‍ന്നുവന്നത്. തറക്കല്ല് പോലും ഇടാത്ത ഒരു സ്ഥാപനത്തിന് അംഗീകാരം നല്‍കുകയും, അക്കാദമിക രംഗത്ത് ഒരു പരിചയ സമ്പന്നതയുമില്ലാത്ത ഒരു സ്ഥാപനത്തിന് അംഗീകാരം നല്‍കിയത് വലിയ എതിര്‍പ്പുകള്‍ക്ക് കാരണമായി. രാജ്യത്ത് മറ്റ് യൂണിവേഴ്‌സിറ്റികള്‍ക്ക് പോലും അംഗീകാരം പദവി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ റിലയന്‍സിന്റെ പദ്ധതിക്ക് അനുമതി നല്‍കിയത് സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ തീരുമാനമാണെന്നാണ് പലരും പ്രതികരിച്ചത്.

 

Author

Related Articles