News

ആള്‍ട്ടിഗ്രീനിലിന്റെ ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി റിലയന്‍സ്

ഇവി ടെക്നോളജി സ്ഥാപനമായ ആള്‍ട്ടിഗ്രീനിലിന്റെ ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി റിലയന്‍സ്. ഫെബ്രുവരി 10 വ്യാഴാഴ്ചയാണ് ഇത്തരത്തില്‍ ഇലക്ട്രിക് വാഹന ടെക്‌നോളജീസ് ആന്റ് സൊലൂഷന്‍ കമ്പനിയായ ആള്‍ട്ടിഗ്രീന്‍ പ്രൊപ്ലൂഷന്‍ ലാബ് ലിമിറ്റഡിന്റെ ഓഹരികള്‍ വാങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്. കമ്പനിയുടെ ഓഹരികള്‍ 50.16 കോടി രൂപയ്ക്കാണ് റിലയന്‍സ് സ്വന്തമാക്കുന്നത്.

കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റിലയന്‍സ് ന്യൂ എനര്‍ജി ലിമിറ്റഡ് (ആര്‍എന്‍ഇഎല്‍) ആള്‍ട്ടിഗ്രീനുമായി കരാറില്‍ ഏര്‍പ്പെട്ടുവെന്ന് റിലയന്‍സ് ഒരു സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ വ്യക്തമാക്കിയിരിക്കുന്നത്. 2022 മാര്‍ച്ചിന് മുമ്പ് ഇടപാട് പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

50.16 കോടി രൂപയുടെ 100 രൂപ മുഖവിലയുള്ള 34,000 സീരീസ്-എ കംപല്‍സറി കണ്‍വേര്‍ട്ടബിള്‍ പ്രിഫറന്‍സ് ഷെയറുകളുടെ സബ്സ്‌ക്രിപ്ഷനായി കരാറിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്. അതേസമയം, നിക്ഷേപത്തിനെതിരായി എത്ര ഇക്വിറ്റി ഷെയര്‍ഹോള്‍ഡിംഗ് ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആള്‍ട്ടിഗ്രീന്‍ എന്ന കമ്പനി, വാണിജ്യ ഗതാഗതത്തിനുള്ള 2/3/4 ചക്ര വാഹനങ്ങളിലൂടെ വൈദ്യുത വാഹന സാങ്കേതികവിദ്യ ആന്റ് സൊലൂഷന്‍ കമ്പനിയുമാണ്.

നേരത്തെ കമ്പനി ഒരു മുച്ചക്ര വാഹനം ഇത്തരത്തില്‍ വികസിപ്പിച്ച് വിജയം കണ്ടിരുന്നു. 100 ശതമാനം തദ്ദേശീയമായി മൊബിലിറ്റി പ്ലാറ്റ്ഫോമില്‍ ബാംഗ്ലൂരിലാണ് നിര്‍മ്മിച്ചത്. വാഹനത്തിന്റെ നിലവിലെ പേറ്റന്റ് പോര്‍ട്ട്ഫോളിയോ 26 ആഗോള പേറ്റന്റുകളുള്ള 60 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുകയാണ്. ഇലക്ട്രിക് മോട്ടോറുകളും ജനറേറ്ററുകളും, വെഹിക്കിള്‍ കണ്ട്രോള്‍, മോട്ടോര്‍ കണ്ട്രോള്‍, ഇവി ട്രാന്‍സ്മിഷനുകള്‍, ടെലിമാറ്റിക്സ് & ഐഓടി, ബാറ്ററി മാനേജ്മെന്റ് എന്നിവയും ആള്‍ടിഗ്രീന്റെ നിലവിലുള്ള ചില സാങ്കേതികവിദ്യകളില്‍ ഉള്‍പ്പെടുന്നു. 2013 ഫെബ്രുവരി എട്ടിനാണ് ആള്‍ട്ടിഗ്രീന്‍ എന്ന സ്വകാര്യ കമ്പനി സ്ഥാപിക്കപ്പെട്ടത്. 2020 - 21ല്‍ 103.82 ലക്ഷത്തിന്റെ വിറ്റുവരവാണ് ഉണ്ടായിരുന്നത്. ഈ ഇടപാടിന് സര്‍ക്കാരിന്റെയോ റെഗുലേറ്ററി അനുമതിയോ ആവശ്യമില്ലെന്നും സ്ഥാപനം കൂട്ടിച്ചേര്‍ത്തു.

Author

Related Articles