News

ബോക്സ് ഓഫീസ് കളക്ഷനില്‍ ബോളിവുഡിനെ മറികടന്ന് ദക്ഷിണേന്ത്യന്‍ സിനിമ

2020-21 കാലയളവിലെ ബോക്സ് ഓഫീസ് കളക്ഷനില്‍ ഹിന്ദിയെ (ബോളിവുഡ്) മറികടന്ന് ദക്ഷിണേന്ത്യന്‍ സിനിമ. 59 ശതമാനം ആണ് തെലുങ്ക്, മലയാളം, തമിഴ്, കന്നട എന്നിവ അടങ്ങിയ ദക്ഷിണേന്ത്യന്‍ സിനിമകളുടെ ബോക്സ് ഓഫീസ് വിഹിതം. 2019ല്‍ വെറും 36 ശതമാനം മാത്രമായിരുന്നു ദക്ഷിണേന്ത്യന്‍ സിനിമകളുടെ സാന്നിധ്യം.

ബോളിവുഡിനെ ഒറ്റയ്ക്ക് മറികടന്ന തെലുങ്ക് സിനിമ മേഖലയാണ് ഏറ്റവും അധികം നേട്ടമുണ്ടാക്കിയത്. 29 ശതമാനമാണ് തെലുങ്കില്‍ നിന്നുള്ള സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷന്‍ വിഹിതം. ബോളിവുഡിന്റേതാകട്ടെ 27 ശതമാനവും. 2019ല്‍ യഥാക്രമം 44 ശതമാനം, 13 ശതമാനം എന്നിങ്ങനെ ആയിരുന്നു ബോളിവുഡ്, തെലുങ്ക് സിനിമകളുടെ കളക്ഷന്‍ വിഹിതം.

കൊവിഡിന് ശേഷം രാജ്യത്ത് ഏറ്റവും അധികം കളക്ഷന്‍ നേടിയ സിനിമ തെലുങ്ക് താരം അല്ലു അര്‍ജുന്റെ പുഷ്പ ദി റെയ്സ് പാര്‍ട്ട്-1 ആണ്. ഓര്‍മാക്സ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് 2020-21 അനുസരിച്ച് ഹിന്ദി സിനിമ തന്‍ഹാജി ആണ് ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രം (320 കോടി). ഏറ്റവും അധികം കളക്ഷന്‍ നേടിയ 10 സിനിമകളില്‍ ആറും ദക്ഷിണേന്ത്യയില്‍ നിന്നാണ്. മികച്ച വിജയം നേടിയ ദക്ഷിണേന്ത്യന്‍ സിനിമകള്‍ റീമേക്ക് ചെയ്യുന്ന ട്രെന്‍ഡും ബോളിവുഡില്‍ ഇക്കാലയളവില്‍ വര്‍ധിച്ചു.

കൊവിഡിനെ തുടര്‍ന്ന് തീയേറ്റടുകള്‍ അടഞ്ഞു കിടന്നത് മൂലം 5000 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഇന്ത്യന്‍ സിനിമ വ്യവസായത്തിനുണ്ടാത്. 2020-21 കാലയളവില്‍ ആകെ തീയേറ്റര്‍ വരുമാനം വെറും 5757 കോടി രൂപയാണ്. 2019ല്‍ മാത്രം 11,000 കോടിയുടെ ബോക്സ് ഓഫീസ് കളക്ഷന്‍ ഉണ്ടായിരുന്ന സ്ഥാനത്താണിത്.

Author

Related Articles