News

വിപണിയില്‍ വിതരണത്തിലുള്ള കറന്‍സി നോട്ടുകളില്‍ 31 ശതമാനവും 500 രൂപ നോട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ കറന്‍സി വിതരണവുമായി ബന്ധപ്പെട്ട റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് ശ്രദ്ധേയമാകുന്നു. ഇത് പ്രകാരം രാജ്യത്ത് വിപണിയില്‍ വിതരണത്തിലുള്ള കറന്‍സി നോട്ടുകളില്‍ 31 ശതമാനവും 500 രൂപ നോട്ടെന്നാണ് വ്യക്തമായിരിക്കുന്നത്. 2019-20 കാലത്തെ അപേക്ഷിച്ച് 2020-21 കാലത്ത് കൂടുതല്‍ കറന്‍സി നോട്ടുകള്‍ വിപണിയിലുണ്ടെന്നും റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ വിപണിയില്‍ 2018 ല്‍ വെറും 15 ശതമാനമായിരുന്നു 500 രൂപ നോട്ടുകള്‍ ഉണ്ടായിരുന്നത്. 2020 ആയപ്പോഴേക്കും ഇത് 15 ശതമാനത്തില്‍ നിന്ന് 25.4 ശതമാനമായി ഉയര്‍ന്നു. 2020-21 കാലത്ത് ഇത് 31 ശതമാനമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂല്യത്തിന്റെ കണക്കില്‍ നോക്കുകയാണെങ്കില്‍ വിപണിയിലുള്ള 500 രൂപ നോട്ടുകളുടെ മൂല്യം ആകെ നോട്ടുകളുടെ മൂല്യത്തിന്റെ 68.4 ശതമാനം വരും. 2020 ല്‍ ഇത് 60.8 ശതമാനമായിരുന്നു. 2019 ല്‍ ആകട്ടെ 51 ശതമാനവും. അതേസമയം രാജ്യത്തെ 2000 രൂപ നോട്ടുകളുടെ എണ്ണവും മൂല്യവും ക്രമമായി താഴേക്ക് പോവുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Author

Related Articles