News

രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കും; പ്രവാസികള്‍ക്ക് നേട്ടം

ദുബായ്: രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കുമെന്ന് വിലയിരുത്തല്‍. ഇന്ത്യയില്‍ ഇത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെങ്കിലും പ്രവാസ ലോകത്ത് കഴിയുന്നവര്‍ക്ക് നേട്ടമാണ്. ഗള്‍ഫില്‍ നിന്ന് പണമയക്കുന്നവര്‍ കൂടി വരുന്നു എന്നാണ് പുതിയ വിവരം. റമദാന്‍ മാസം കഴിയുന്നതോടെ പെരുന്നാളും ആഘോഷങ്ങളും വരികയാണ്. ഈ അവസരത്തില്‍ ഒട്ടേറെ പേരാണ് നാട്ടിലേക്ക് പണമയക്കുന്നത്. രൂപയുടെ മൂല്യം ഇടിഞ്ഞ സാഹചര്യത്തിലാണ് പണമിടപാട് സ്ഥാപനങ്ങളില്‍ തിരക്കേറിയത്. 20.37 എന്ന നിരക്കിലാണ് കഴിഞ്ഞ ദിവസം ഇടപാടുകള്‍ നടന്നത്. കഴിഞ്ഞാഴ്ച ഇത് 20.32 ആയിരുന്നു.

ചില പ്രവാസികള്‍ ഇനിയും രൂപയുടെ മൂല്യം ഇടിഞ്ഞേക്കുമെന്ന് കരുതി കാത്തിരിക്കുന്നുണ്ട്. അവരുടെ പ്രതീക്ഷ അസ്ഥാനത്താകില്ല എന്നാണ് നിഗമനം. ഇന്ത്യയില്‍ കൊറോണ രോഗം വ്യാപിക്കുന്നത് രൂപയുടെ തളര്‍ച്ചയ്ക്ക് ഒരു കാരണമാണ്. റിസര്‍വ് ബാങ്കിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ മൂല്യം ഇനിയും ഇടിഞ്ഞേക്കും. പല സംസ്ഥാനങ്ങളും കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളിലേക്ക് കടന്നു കഴിഞ്ഞു. അതുകൊണ്ടുതന്നെ വിപണി സജീവമാകാന്‍ ഇനിയും വൈകുമെന്ന് ഉറപ്പാണ്. ഇതും രൂപയ്ക്ക് തിരിച്ചടിയാണ്.

അമേരിക്കന്‍ വിപണി വളര്‍ച്ചയുടെ പാതയിലാണ് എന്നാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ ദിവസം വിലയിരുത്തിയത്. ഇത് ഡോളറിന് കരുത്തേകിയപ്പോള്‍ രൂപയ്ക്ക് അടിയായി. കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തില്‍ നിക്ഷേപകര്‍ സാധാരണ സ്വര്‍ണത്തിലേക്ക് മാത്രമാണ് തിരിയാറ്. അതുവഴി സ്വര്‍ണം വില കൂടും. എന്നാല്‍ ഇത്തവണ സ്വര്‍ണവും ഡോളറും വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പ്പര്യപ്പെടുന്നു എന്നാണ് വിപണിയില്‍ നിന്നുള്ള വാര്‍ത്ത. അത് ഡോളറിന് സഹായകമായപ്പോള്‍ രൂപയ്ക്ക് തിരിച്ചടിയായി. മൂന്ന് മാസം ഇന്ത്യന്‍ വിപണിക്ക് കഷ്ടകാലമാണ് എന്നാണ് ഗോര്‍ഡ്മാന്‍ സാച്ച്സ് പറയുന്നത്. ഇത് രൂപയെ പ്രതികൂലമായി ബാധിക്കുന്നതാണ്. കേരളത്തില്‍ സ്വര്‍ണത്തിന് ഇന്ന് വില വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. പവന് 560 രൂപ വര്‍ധിച്ച് 35880 രൂപയാണ് കേരളത്തിലെ പുതിയ വില.

Author

Related Articles