News

നഷ്ടത്തില്‍ നിന്നും കുതിച്ചുയര്‍ന്ന് സെയില്‍; മൂന്നാം പാദം 1,468 കോടി രൂപ അറ്റാദായം നേടി

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍) ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ടു. നടപ്പു സാമ്പത്തികവര്‍ഷം മൂന്നാം പാദം 1,468 കോടി രൂപ ഇന്ത്യന്‍ സ്റ്റീല്‍ നിര്‍മാതാക്കള്‍ അറ്റാദായം കണ്ടെത്തി. കൃത്യം ഒരു വര്‍ഷം മുന്‍പ് 343.57 കോടി രൂപ നഷ്ടത്തിലായിരുന്നു സെയില്‍ ഡിസംബര്‍ പാദം പൂര്‍ത്തിയാക്കിയത്.

വെള്ളിയാഴ്ച്ച ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് കഴിഞ്ഞ ത്രൈമാസപാദത്തെ പ്രവര്‍ത്തന ഫലം കമ്പനി ഫയല്‍ ചെയ്തത്. ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ സെയിലിന്റെ മൊത്തം വരുമാനം 19,997.31 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തികവര്‍ഷം ഡിസംബര്‍ പാദത്തില്‍ 16,714.87 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം.

കഴിഞ്ഞപാദത്തില്‍ ചിലവുകള്‍ വെട്ടിച്ചുരുക്കാനും സെയിലിന് സാധിച്ചു. 16,406.81 കോടി രൂപയാണ് ഇത്തവണ കമ്പനിക്ക് ആകെമൊത്തം ചിലവായത്. ഒരു വര്‍ഷം മുന്‍പ് ചിലവുകള്‍ 17,312.64 കോടി രൂപയായിരുന്നു. പോയപാദം 4.37 മില്യണ്‍ ടണ്‍ അസംസ്‌കൃത സ്റ്റീല്‍ (ക്രൂഡ് സ്റ്റീല്‍) ഉത്പാദിപ്പിച്ചെന്ന് സെയില്‍ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

മുന്‍ വര്‍ഷം ഇതേ കാലഘട്ടത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അസംസ്‌കൃത സ്റ്റീല്‍ ഉത്പാദനം 9 ശതമാനം വളര്‍ച്ച തൊട്ടു. കഴിഞ്ഞപാദം 4.15 മില്യണ്‍ ടണ്‍ സ്റ്റീലാണ് വില്‍പ്പനയ്ക്കായി കമ്പനി വിപണിയിലെത്തിച്ചതും. ഇവിടെയും 6 ശതമാനം വളര്‍ച്ച സെയില്‍ രേഖപ്പെടുത്തി.

പ്രതിസന്ധികള്‍ ഏറെ നേരിട്ടെങ്കിലും നടപ്പു സാമ്പത്തികവര്‍ഷം കമ്പനി തിരിച്ചുവരവിന്റെ പാതയിലാണെന്ന് സെയില്‍ ചെയര്‍മാന്‍ സോമ മൊണ്ടാല്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ രാജ്യത്തെ നിര്‍മ്മാണ രംഗം സജീവമായി. വിപണിയില്‍ സ്റ്റീലിന് ഡിമാന്‍ഡ് വര്‍ധിച്ചു വരികയാണ്. ഈ പശ്ചാത്തലത്തില്‍ ഡിമാന്‍ഡിനൊത്ത് വിപണിയില്‍ സ്റ്റീല്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയെന്ന് മൊണ്ടാല്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സ്റ്റീല്‍ മന്ത്രാലയത്തിന് കീഴിലാണ് സെയില്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മാതാക്കളെന്ന പട്ടവും സെയിലിന്റെ ഭദ്രമാണ്. പ്രതിവര്‍ഷം 21 മില്യണ്‍ ടണ്‍ സ്റ്റീല്‍ നിര്‍മ്മിക്കാന്‍ സെയിലിന് ശേഷിയുണ്ട്.

Author

Related Articles