നൂറ് സ്റ്റോറുകള്‍ പൂട്ടാനുള്ള നീക്കവുമായി സെയിന്‍സ്ബറി; നഷ്ടത്തിലായ സ്റ്റോറുകള്‍ പൂട്ടുന്നതെന്ന് കമ്പനി വിശദീകരണം
ലണ്ടന്‍: സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സെയ്ന്‍സ്ബറി 15 വലിയ സ്റ്റോറുകളുള്‍പ്പെടെ നൂറിലേറെ സ്റ്റോറുകള്‍ പൂട്ടാന്‍ തീരമാനിച്ചു. 70 അര്‍ഗോസ് സ്റ്റോറുകള്‍, 15 വലിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍, സെയ്ന്‍സ്ബറിയുടെ 40 ലോക്കല്‍ സ്റ്റോറുകള്‍ എന്നിവയാണ് പൂട്ടുന്നത്. നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെയാണ് സ്റ്റോറുകളുടെ എണ്ണം കുറച്ച് പിടിച്ചുനില്ക്കാന് സെയ്ന്‍സ്ബറിയുടെ ശ്രമം.
തീര്‍ത്തും നഷ്ടത്തിലായ സ്റ്റോറുകളാണ് പൂട്ടുന്നതെന്ന് കമ്പനി വിശദീകരിക്കുന്നു. ഇതോടൊപ്പം പ്രവര്‍ത്തനം വിപുലീകരിക്കാനും നീക്കങ്ങള്‍ നടക്കുന്നുണ്ട്. 80 അര്‍ഗോസ് ശാഖകള്‍ പുതിയ കേന്ദ്രങ്ങളിലേക്ക് മാറ്റിസ്ഥാപിക്കും. പത്ത് പുതിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍കൂടി തുറക്കും. സെയ്ന്‍സ്ബറിയുടെ പേരില്‍ 110 പുതിയ ലോക്കല്‍ സ്റ്റോറുകളും തുറക്കും. എന്നാല്‍, ഏതൊക്കെയാണ് പൂട്ടുന്നതെന്നും എവിടെയൊക്കയാണ് പുതിയതായി തുറക്കുന്നതെന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.
ചീഫ് എക്സിക്യുട്ടീവ് മൈക്ക് കൂപ്പിന്റെ നേതൃത്വത്തില്‍ അഞ്ചുവര്‍ഷത്തേക്കുള്ള പദ്ധതിക്കാണ് രൂപം നല്‍കിയിട്ടുള്ളത്. ഇതനുസരിച്ച് അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 500 ദശലക്ഷം പൗണ്ട് ചെലവിനത്തില്‍ കുറയ്ക്കുകയാണ് ലക്ഷ്യം. സൂപ്പര്‍മാര്‍ക്കറ്റ് രംഗത്തെ എതിരാളികളായിരുന്ന അസ്ഡയെ 7.3 ബില്യണ്‍ പൗണ്ട് മുടക്കി ഏറ്റെടുത്തതോടെയാണ് സെയ്ന്‍സ്ബറിയുടെ കച്ചവടം നഷ്ടത്തിലായത്.
സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വില്പനയിലെ ഇടിവ് നേര്ത്തതുമാത്രമാണെങ്കിലും 50 ദശലക്ഷം പൗണ്ടിന്റെയെങ്കിലും നഷ്ടമുണ്ടെന്നാണ് വിലയിരുത്തല്‍. മോര്‍ട്ടഗേജ് രംഗത്ത് നേരിട്ട തിരിച്ചടിയും പ്രവര്‍ത്തനത്തെ ബാധിച്ചു. മോര്‍ട്ട്ഗേജ് വില്പന അടിയന്തരമായി അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടിണ്ട്. മറ്റൊരു സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ടെസ്കോയും മോര്‍ട്ട്ഗേജ് രംഗത്തുനിന്ന് അടുത്തിടെ പിന്മാറിയിരുന്നു.
608 സൂപ്പര്‍മാര്‍ക്കറ്റുകളും 820 ലോക്കല്‍ സ്റ്റോറുകളുമാണ് സെയ്ന്സ്ബറിക്കുള്ളത്. 1200 അര്‍ഗോസ് വില്പനശാലകളും അതിന് കീഴിലുണ്ട്. മോര്‍ട്ട്ഗേജ് വില്പന, ഭക്ഷണവില്പന തുടങ്ങിയ പലരംഗത്തും സെയ്ന്‍സ്ബറി സാന്നിധ്യമറിയിച്ചിട്ടുണ്ട്. 1.47 ബില്യണ്‍ പൗണ്ടോളം സെയ്ന്‍സ്ബറി മോര്‍ട്ട്ഗേജായി നല്‍കിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
ധനകാര്യ രംഗത്ത് സൂപ്പര്‍മാര്‍ക്കറ്റ് സ്ഥാപനങ്ങള്‍ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. മോര്‍ട്ട്ഗേജ് രംഗത്ത് വലിയ ഓഫറുകളുമായി കൂടുതല്‍ നിക്ഷേപ സ്ഥാപനങ്ങള്‍ കടന്നുവന്നതോടെയാണ് ടെസ്കോയെയും സെയെന്സ്ബറിയെയും പോലുള്ള സ്ഥാപനങ്ങള്‍ക്ക് ബിസിനസ് കുറഞ്ഞത്. നഷ്ടമേറുന്നുവെന്ന് കണ്ടതോടെ, ടെസ്കോ ഈ രംഗത്തുനിന്ന് പൂര്‍ണമായി പിന്മാറിയിരുന്നു. അതേ പാതയിലാണ് സെയ്ന്സ്ബറിയും നീങ്ങുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍