News

വിജയ് മല്യയുടെ ഓഹരികള്‍ വിറ്റു; 74 ലക്ഷം വരുന്ന ഓഹരികള്‍ വിറ്റപ്പോള്‍ സര്‍ക്കാറിന് ലഭിച്ചത് 1008 കോടി രൂപ

മുംബൈ: ബ്രിട്ടനില്‍ കഴിയുന്ന മദ്യ വ്യവസായി വിജയ് മല്യയുടെ ഓഹരികള്‍ വിറ്റു. ഓഹരികള്‍ വിറ്റ് 1008 കോടി രൂപയോളം ലഭിച്ചുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. 9000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട പിടികിട്ടാ പുള്ളി വിജയ് മല്യയില്‍ നിന്ന് പണം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് 74 ലക്ഷം വരുന്ന ഓഹരികള്‍ വില്‍ക്കാന്‍ ഏജന്‍സികള്‍ നിര്‍ബന്ധിതരായത്. ഓഹരികള്‍ വിറ്റ് 1008 കോടി രൂപ സമാഹരിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓഹരികള്‍ വില്‍ക്കുന്നതിനെതിരെ മല്യ കര്‍ണാടക ഹോക്കോടതിയെ സമീപിച്ചിരുന്നു. യുണൈറ്റഡ് ബ്രിവറേസിന്റെ ഓഹരികള്‍ വിറ്റാണ് 1008 കോടി രൂപ സമാഹരിച്ചത്. 

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ പിടിച്ചെടുത്ത ബംഗളൂരുവിലെ ഡെറ്റ് റിക്കവറി ട്രൈബ്യൂണലാണ് (ഡിആര്‍ടി) ലേലം ചെയ്ത് കൂടുതല്‍ തുക സമാഹരിച്ചത്. മല്യയുടെ കൈവശമുള്ള യുണൈറ്റഡ് ബ്രീവറേസിന്റെ 74 ലക്ഷം വരുന്ന ഓഹരികളാണ് വിറ്റഴിച്ചത്. വായ്പാ തട്ടിപ്പ് നടത്തി വിജയ് മല്യ ലണ്ടനിലേക്ക് വിട്ട സാഹചര്യത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിജയ് മല്യക്കെതിരെ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചത്. 9000 കോടി രൂപ വായ്പയെടുത്ത്  രാജ്യം വിട്ട വിജയ്മല്യയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് ലേലത്തിന് വിടുകയോ വില്‍ക്കുകയോ ചെയ്ത് കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനാണ് അന്വേഷണ ഏജന്‍സികളുടെ തീരുമാനം. എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകള്‍ കണ്‍സോര്‍ഷ്യത്തില്‍ നല്‍കാനുള്ള 9000 കോടി രൂപ തിരിച്ചുപിടിക്കുക എന്നതാണ് ഏജന്‍സികളുടെ ലക്ഷ്യം. 

 

Author

Related Articles