News

ഉപ്പ് കിട്ടാനില്ല!; ലോക്ക്ഡൗണില്‍ ഉപ്പ് ക്ഷാമത്തിന് സാധ്യത; ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞു

കൊറോണക്കാലത്തെ ലോക്ക്ഡൗണ്‍ മൂലം ഉപ്പിനു സാരമായ ക്ഷമം വരുമെന്ന് റിപ്പോര്‍ട്ട്. പരമാവധി ഉല്‍പ്പാദനം നടക്കേണ്ടിയിരുന്ന മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ എല്ലാ സംസ്ഥാനങ്ങളിലും ഉപ്പളങ്ങള്‍ നിശ്ചലമായിരുന്നു. ഇപ്പോഴും സ്ഥിതി കാര്യമായി മാറിയിട്ടില്ല. ഉപ്പ് ഉല്‍പാദന സീസണ്‍ ഒക്ടോബര്‍ മുതല്‍ ജൂണ്‍ പകുതി വരെയാണെങ്കിലും കാലാവസ്ഥ ഏറ്റവും അനുകൂലമാകുന്ന സമയമാണ് നഷ്ടമായിപ്പോകുന്നതെന്ന് ഇന്ത്യന്‍ സാള്‍ട്ട് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ (ഇസ്മാ) പ്രസിഡന്റ് ഭാരത് റാവല്‍ പറയുന്നു.തൊഴിലാളി ക്ഷാമം, അന്തര്‍ ജില്ലാ യാത്രാ തടസം എന്നിവ ജോലി നിര്‍ത്തിവയ്ക്കാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചു.

ദേശീയ കണക്കനുസരിച്ച് ആഭ്യന്തര വിപണിയിലേക്കും അന്താരാഷ്ട്ര വിപണിയിലേക്കുമായി പ്രതിവര്‍ഷം എത്തിക്കുന്നത് ആകെ 200  250 ലക്ഷം ടണ്‍ ഉപ്പ് ആണ്. ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഉത്പാദനത്തിന്റെ 95 ശതമാനവും നടക്കുന്നത്. മഹാരാഷ്ട്രയിലും ഒഡീഷയിലും പശ്ചിമ ബംഗാളിലും ചെറിയ അളവില്‍ ഉത്പാദനമുണ്ട്.

ഇന്ത്യക്കാര്‍ പ്രതിവര്‍ഷം 95 ലക്ഷം ടണ്‍ ഭക്ഷ്യ ഉപ്പ് അകത്താക്കുന്നു. ആഭ്യന്തര വ്യവസായ ശ്രേണിയിലേക്കു പോകുന്നത്  110 മുതല്‍ 130 ലക്ഷം ടണ്‍ വരെ. 58  60 ലക്ഷം ടണ്‍ കയറ്റുമതി ചെയ്യുന്നു. പവര്‍ പ്ലാന്റുകള്‍, ഓയില്‍ റിഫൈനറികള്‍, സൗരോര്‍ജ്ജ കമ്പനികള്‍, കെമിക്കല്‍ ഫാക്ടറികള്‍, ടെക്സ്‌റ്റൈല്‍ മില്ലുകള്‍, മെറ്റല്‍ ഫൗണ്ടറികള്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ എന്നിവ  വ്യാവസായിക ഉപ്പ് ഉപയോഗിക്കുന്നു. കൂടാതെ റബ്ബറിന്റെയും തുകലിന്റെയും സംസ്‌കരണത്തിനും.

'മണ്‍സൂണ്‍ വരുന്നതിനാല്‍ സമയ നഷ്ടം പരിഹരിക്കാനാകുമോ എന്ന്  ഉറപ്പില്ല... ഇനി അനുയോജ്യ കാലാവസ്ഥ കിട്ടുക ഏകദേശം 45 ദിവസമാണ്്. ഓരോ ഉല്‍പാദന ചക്രത്തിനും 60 മുതല്‍ 80 ദിവസം വരെ എടുക്കും, മഴയെ ആശ്രയിച്ച് '-റാവല്‍ പറയുന്നു. അടുത്ത രണ്ട് മാസത്തിനുള്ളില്‍ ചുഴലിക്കാറ്റുകളും ഉണ്ടാകരുത്. നേരത്തെ മഴയുണ്ടായാല്‍, ഉപ്പ് നിര്‍മ്മാതാക്കളുടെ ബഫര്‍ സ്റ്റോക്ക് ശേഖരണം താറുമാറാകും  ജാംനഗര്‍ ആസ്ഥാനമായുള്ള ഉപ്പ് നിര്‍മ്മാതാവും ഇസ്മാ സെക്രട്ടറിയുമായ പി. ആര്‍. ധ്രുവ് പറയുന്നു.

ഇന്ത്യയിലെ 75  80 ശതമാനം ഉപ്പ് ഗുജറാത്ത് ഉല്‍പാദിപ്പിക്കുന്നു; ഇതില്‍ സിംഹഭാഗവും കച്ച് മേഖലയില്‍ നിന്നാണ്. ഇന്ത്യയില്‍ 12,500 ലധികം ഉപ്പ് നിര്‍മ്മാണ കേന്ദ്രങ്ങളാണുള്ളത്. അതില്‍ 80 ശതമാനവും അസംഘടിത മേഖലയിലാണ്. ഇവ ടാറ്റ, ഗ്രാസിം, നിര്‍മ്മ എന്നിവയ്ക്ക് അസംസ്‌കൃത ഉപ്പ് നല്‍കുന്നു. അതേസമയം, ഉല്‍പാദനത്തില്‍ കുറവില്ലാതെ സാധാരണ നിലയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ടാറ്റാസ്് അവകാശപ്പെടുന്നു.

Author

Related Articles