News

ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് വേരുറപ്പിക്കാന്‍ സാംസങ്ങ്; ഇന്ത്യയില്‍ വന്‍ നിക്ഷേപം വരുന്നു

ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങി ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ട് ഫോണ്‍ ഭീമനായ സാംസങ്ങ്. 4825 കോടിയുടെ നിക്ഷേപമാണ് സാംസങ് നടത്തുക. സാംസങ്ങ് ചൈനയിലുളള തങ്ങളുടെ മൊബൈല്‍, ഐടി ഡിസ്പ്ലേ പ്രൊഡക്ഷന്‍ യൂണിറ്റാണ് ഇന്ത്യയിലേക്ക് പറിച്ച് നടാന്‍ തയ്യാറെടുക്കുന്നത്. ഉത്തര്‍ പ്രദേശിലാണ് സാംസങ്ങ് യൂണിറ്റ് സ്ഥാപിക്കുകയെന്ന് യുപി സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

അന്താരാഷ്ട്ര വ്യവസായ ലോകത്തെ പ്രമുഖരായ സാംസങ്ങ് ഇതാദ്യമായാണ് ഇന്ത്യയില്‍ ഒരു ഹൈ ടെക്നിക് പ്രൊജക്ട് ആരംഭിക്കുന്നത്. ലോകത്ത് തന്നെ സാംസങിന്റെ ഈ യൂണിറ്റുളള മൂന്നാമത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറുമെന്നും യുപി സര്‍ക്കാരിന്റെ വക്താവ് വ്യക്തമാക്കി.

സാംസങ് ഡിസ്പ്ലേ നോയിഡ പ്രൈവറ്റ് ലിമിറ്റഡിന് ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രത്യേക ആനൂകൂല്യങ്ങള്‍ അനുവദിച്ച് കൊണ്ട് ഉത്തരവിറക്കി. നേരിട്ട് 510 പേര്‍ക്കാണ് സാംസങിന്റെ നോയിഡ യൂണിറ്റില്‍ നിന്നും തൊഴിലവസരം ലഭിക്കുക. നേരിട്ട് അല്ലാതെയും നിരവധി പേര്‍ക്ക് ഇതിലൂടെ തൊഴില്‍ സാധ്യത തുറന്ന് കിട്ടും. നോയിഡയില്‍ സാംസങിന് ഇതിനകം തന്നെ ഒരു മൊബൈല്‍ നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.

2018ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ യൂണിറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ദക്ഷിണ കൊറിയ, ചൈന, വിയറ്റ്നാം എന്നീ രാജ്യങ്ങളിലാണ് സാംസങ് തങ്ങളുടെ ടെലിവിഷന്‍ സെറ്റുകള്‍, മൊബൈലുകള്‍, വാച്ചുകള്‍, ടാബ്ലറ്റുകള്‍ എന്നിവയിലേക്കുളള ഉത്പന്നങ്ങളുടെ 70 ശതമാനവും നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ പുതിയ പ്രൊജക്ടിന്റെ പ്രഖ്യാപനം സാംസങ് നടത്തിയത് മറ്റ് ചില കമ്പനികള്‍ക്കടക്കം കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിച്ചതിന് പിന്നാലെയാണ്.

ഉത്തര്‍ പ്രദേശ് ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് പോളിസി 2017 പ്രകാരം സാംസങിന് ഭൂമി ഇടപാടില്‍ സ്റ്റാംപ് ഡ്യൂട്ടിയില്‍ ഇളവ് ലഭിക്കും. ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രമോഷന്‍ ഫോര്‍ മാനുഫാക്ചറിംഗ് ഇലക്ട്രോണിക് കംപോണന്‍സ് ആന്‍ഡ് സെമി കണ്ടക്ടേഴ്സ് സ്‌കീം പ്രകാരം സാംസങിന് 460 കോടിയുടെ ധനസഹായവും ലഭിക്കും.

Author

Related Articles