News

മോദി സൗദിയില്‍ പറന്നിറങ്ങി; നിക്ഷേപകരെ ലക്ഷ്യമിട്ട് മോദിയുടെ നീക്കം; ഖഷോഗി കൊലപാതകത്തിന്റെ മുറിവുണങ്ങാതെ സൗദിയില്‍ നിക്ഷേപ സംഗമം

റിയാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദി സന്ദര്‍ശനം ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഉഭയക്ഷി വ്യാപാരം, നിക്ഷേപ സഹകരണം എന്നീ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബുദുല്‍ അസീസിന്റെ ക്ഷണപ്രകാരമാണ് പ്രധനാമന്ത്രി നരേന്ദ്രമോദി സൗദിയില്‍ എത്തിയിരിക്കുന്നത്. ഊര്‍ജ സാമ്പത്തിക മേഖലകളില്‍ കൂടുതല്‍ സഹകരണം ശക്തിപ്പെടുത്താനും, ഇതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും കരാറുകളില്‍ ഒപ്പുവെക്കുമെന്നാണ് വിവരം. സൗദി കരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്്ച്ചകള്‍ നടത്തിയേക്കും. 

സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് കുറഞ്ഞ വിലയ്ക്ക് എണ്ണയെത്തിക്കുക, സൗദി അരാംകോയുമായുള്ള പെട്രോ-കെമിക്കല്‍ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയ പ്രധാന അജണ്ടകളുമായാണ് ഇന്ത്യ സൗദിയുമായി ചര്‍ച്ചകള്‍ നടത്തിയേക്കുക. ഒക്ടോബര്‍ 29, 31 ദിവസങ്ങളില്‍ റിയാദില്‍ വെച്ച് നടക്കുന്ന  ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷേറ്റീവില്‍ മോദി സംസാരിക്കും. സൗദിയില്‍ റുപേകാര്‍ഡടക്കം മോദി പുറത്തുറക്കുമെന്ന വാര്‍ത്തകളും ഇതിനകം തന്നെ ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം  ശക്തിപ്പെടുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ സൗദി നിക്ഷപകരെ ഇന്ത്യയിലേക്കെത്തിക്കാനും കൂടുതല്‍ വ്യാപാര സഹകരണം ശക്തിപ്പെടുത്താനുമുള്ള തന്ത്രപ്രധാനമായ നീക്കങ്ങളാകും പ്രധാനമന്ത്രി നരന്ദ്രമോദി നടത്തുക. ഹൂതി വിിമതര്‍ സൗദി അരാംകോയ്ക്ക് നേരെ നടത്തിയ ആക്രമണം മൂലം സൗദിയുടെ എണ്ണ വ്യാപാരത്തിന് വലിയ തിരിച്ചടി നേരിട്ടിട്ടുണ്ട്. എണ്ണ വ്യാപാരം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വിപുലപ്പെടുത്താന്‍ സൗദി കൂടുതല്‍ നിക്ഷേപമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. 

മരുഭൂമിയിലെ ദാവോസ് ഖഷോഗി കൊലപാതകത്തിന്റെ മുറിവ് മാറ്റുമോ? 

സൗദി അറേബ്യയിലെ സൊവറിന്‍ വെല്‍ത്ത് ഫണ്ടായ പിഐഎഫ് (പബ്ലിക്ക് ഇന്‍വെസ്റ്റമെന്റ് ഫണ്ട്) സംഘടിപ്പിക്കുന്ന ഏറ്റവും വലിയ നിക്ഷേപ സൗഹൃദ സംഗമമാണ് നടക്കാന്‍ പോകുന്നത്. എന്നാല്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട് ഒരുവര്‍ഷം തികയുമ്പോള്‍ അതിലെ രാഷ്ട്രീയ ആരോപണങ്ങളെല്ലാം സൗദി ഭരണകൂടത്തെ ഒന്നാകെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം റിയാദില്‍ സംഘടിപ്പിച്ച നിക്ഷേപ സൗഹൃദത്തില്‍ വന്‍ തിരിച്ചടികള്‍ നേരിട്ടുവന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. സൗദി ഭരണകൂടത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കൊലപാതകം സൗദിയുടെ നിക്ഷേപക, വ്യാപാര സൗഹൃദത്തെ എങ്ങനെയൊക്കെ ബാധിച്ചിട്ടുണ്ടെന്ന് വിലയിരുത്താം. 2018 ഒക്ടോബര്‍ രണ്ടിനാണ് സൗദിയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെടുന്നത്. 

ഖഷോഗി കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് റിയാദില്‍ അന്താരാഷ്ട്ര നിക്ഷേപ സൗഹൃദ സംഗമം നടക്കുന്നത്. എന്നാല്‍ നിക്ഷേപ സൗഹൃദം അത്ര വിജയം കണ്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മരുഭൂമിയിലെ ദാവോസ് എന്ന് വിശേഷിപ്പിച്ച് സൗദി റിയാദില്‍ സംഘടിപ്പിച്ച ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷിയേറ്റീവ്  സംഘടിപ്പിച്ചത് സൗദിയെ നിക്ഷേപ കേന്ദ്രമാക്കി മാറ്റുകയെന്ന സ്വപ്നങ്ങള്‍ക്ക് വലിയ തിരിച്ചടികള്‍ നേരിട്ടു. മുന്‍വര്‍ഷങ്ങളില്‍ വന്‍ വിജയം കണ്ടിരുന്ന നിക്ഷേപ സംഗമം സൗദിക്ക് 2018 ല്‍ പൂര്‍ണ വിജയത്തിലേക്കെത്താന്‍ സാധിച്ചിട്ടില്ല. ബാങ്കിങ് മേഖലയിലെ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍മാറി. ഡസണ്‍ കണക്കിന് നിക്ഷേപകരാണ് അന്ന് പിന്‍മാറിയത്. സൗദിയുടെ വ്യാപാര മേഖലയെ പോലും ഖഷോഗിയുടെ കൊലപാതകം പിടിച്ചുകുലുക്കിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധരെല്ലാം ചൂണ്ടിക്കാട്ടുന്നത്. സൗദി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍മാറുകയും ചെയ്തുവെന്നാണ് വിലയിരുത്തല്‍. 

അതേസമയം അന്താരാഷ്ട്ര തലത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ ജെപി മോര്‍ഗന്‍, ബ്ലാക്ക് റോക്ക്, അന്താരാഷ്ട്ര നാണയ നിധിയുടെ തലവന്‍മാരും സൗദി സംഘടിപ്പിച്ച നിക്ഷേപ സംഗമത്തില്‍ കഴിഞ്ഞ വര്‍ഷം പങ്കെടുത്തിട്ടില്ല. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് അമേരിക്കയിലെ മാധ്യമങ്ങളും രഹസ്യന്വേഷണ ഏജന്‍സികളും പറയുന്നത്. തെളിവുകള്‍ രഹസ്യന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെതിരെ ഒരു നടപടിയുമില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപുമായുള്ള സൗഹൃദം തന്നെയാണ് ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഹമ്മദ് ബിന്‍ സല്‍മാനെതിരെ നടപടിയെടുക്കാതിരുന്നത്.  ഇത്തവണ നടക്കുന്ന നടക്കുന്ന നിക്ഷേപ സംഗമത്തില്‍ ഖഷോഗി കൊലപാതകം ചര്‍ച്ചയാകില്ലെന്നാണ് വിലയിരുത്തല്‍. 

ഇന്ത്യ ഈ നിക്ഷേപ സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്

റിയാദില്‍ അരേങ്ങേറുന്ന നിക്ഷേപ സൗഹൃദത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷകളാണ് അര്‍പ്പിച്ചിരിക്കുന്നത്. വ്യവസായ സൗഹൃദം രൂപപ്പെടുത്തുക, ഊര്‍ജ മേഖലയിലെ പങ്കാളിത്തം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരപിക്കുകയെന്നതാണ് ലക്ഷ്യം. സൗദിയില്‍ ഇന്ത്യുടെ ആഭ്യന്തര  ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കാനും, റുപേ കാര്‍ഡുമായി ബന്ധപ്പെട്ട കരാറുകളില്‍ ഒപ്പുവെക്കാനും സൗദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ തൊഴില്‍ സാധ്യത ശക്തിപ്പെടുത്താനുമുള്ള തന്ത്ര പ്രധാനമായ കാരറുകള്‍ക്കാകും മോദി നീക്കം നടത്തുക.

Author

Related Articles