News

ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാനയാത്ര നിര്‍ത്തി; ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സൗദി തീരുമാനം

റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര സൗദി അറേബ്യ നിര്‍ത്തി വെച്ചു. സൗദി വ്യോമയാന അതോറിറ്റി വിമാനക്കമ്പനികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം കൈമാറി.  ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും സര്‍വീസുകള്‍ ഉണ്ടാവില്ല. ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ ഉത്തരവ്. തീരുമാനം മലയാളികളടക്കമുള്ള ലക്ഷകണക്കിന് പ്രവാസികളെ സാരമായി ബാധിക്കും.

ഇന്ത്യയ്ക്കു പുറമെ ബ്രസീല്‍, അര്‍ജന്റീന രാജ്യങ്ങള്‍ക്കും വിലക്കുണ്ട്.മറ്റു രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരുന്നവര്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പാടില്ല. സൗദി അറേബിയയുടെ ഉത്തരവ് വന്ദേ ഭാരത് വിമാന സര്‍വീസുകളെയും ബാധിക്കും. രാജ്യത്തെ് ജോലിചെയ്യുന്ന മുപ്പത്തി രണ്ട് ലക്ഷത്തോളം ഇന്ത്യക്കാരാണ് ഇതോടെ പ്രയാസത്തിലായത്. തൊഴില്‍ നഷ്ടമായവര്‍, വിസിറ്റ് വിസാ കാലാവധി കഴിയാറായവര്‍, അവധിക്ക് നാട്ടിലേക്കു പോയവര്‍ തുടങ്ങിയവരുടെ മടക്കവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അതേസമയം സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധികള്‍ക്ക് യാത്ര വിലക്കില്ല.

Author

Related Articles