News

കൊറോണ സാമ്പത്തിക ആഘാതത്തില്‍ നിന്നും കരകയറാന്‍ കടുത്ത നിയന്ത്രണങ്ങളുമായി സൗദി അറേബ്യ; മൂല്യവര്‍ധിത നികുതി മൂന്നിരട്ടി; സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമബത്ത മരവിപ്പിക്കുന്നു

റിയാദ്: കൊറോണ വൈറസും എണ്ണവിലത്തകര്‍ച്ചയും ഏല്‍പ്പിച്ച സാമ്പത്തിക ആഘാതത്തില്‍ നിന്നും കരകയറാന്‍ സൗദി അറേബ്യ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളിലേക്ക്. രാജ്യത്തെ മൂല്യവര്‍ധിത നികുതി മൂന്നിരട്ടിയാക്കാനും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമബത്ത മരവിപ്പിക്കാനും തീരുമാനിച്ചതായി ധനമന്ത്രി മുഹമ്മദ് അല്‍ ജദാന്‍ അറിയിച്ചു. പല മെഗാപദ്ധതികളും നിര്‍ത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമ ബത്ത നിര്‍ത്തലാക്കാനുള്ള തീരുമാനം ജൂണ്‍ ഒന്നിനും വാറ്റ് വര്‍ധിപ്പിക്കാനുള്ള തീരുമാനം ജൂലൈ ഒന്നിനും പ്രാബല്യത്തില്‍ വരും.

രാജ്യത്ത് വാറ്റ് നടപ്പിലാക്കുകയും ആഭ്യന്തര വാതക വിലകള്‍ വര്‍ധിപ്പിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ 2018ല്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരം വര്‍ധിച്ചുവരുന്ന ജീവിതച്ചിലവുകളെ നേരിടുന്നതിനായി എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അനുവദിച്ച 1,000 റിയാല്‍ (267 ഡോളര്‍) മാസ ബത്തയാണ് നിര്‍ത്തലാക്കിയിരിക്കുന്നത്. പൊതുമേഖലയില്‍ ജോലി ചെയ്യുന്ന 1.5 മില്യണ്‍ സൗദി പൗരന്മാരെയാണ് തീരുമാനം ബാധിക്കുക.

സങ്കടകരമായ തീരുമാനങ്ങളാണെങ്കിലും രാജ്യത്തിന്റെ ധന, സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിനും കൊറോണ വൈറസ് പ്രതിസന്ധിയെ വലിയ നഷ്ടങ്ങള്‍ ഇല്ലാതെ മറികടക്കുന്നതിനും ഇത്തരം കടുത്ത നടപടികള്‍ ആവശ്യമാണെന്ന് അല്‍-ജദാന്‍ വ്യക്തമാക്കി. പകര്‍ച്ചവ്യാധി തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിലച്ചത് എണ്ണ ഇതര വരുമാനത്തെ സാരമായി ബാധിച്ചതായി മന്ത്രി പറഞ്ഞു. അതോടൊപ്പം അവിചാരിതമായി ആരോഗ്യമേഖലയിലെ ചിലവിടല്‍ വര്‍ധിച്ചതും സമ്പദ് വ്യവസ്ഥയെ പിന്താങ്ങുന്നതിനായി ഉത്തേജന പാക്കേജുകള്‍ അവതരിപ്പിക്കേണ്ടി വരികയും ചെയ്തതോടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലായി. ഈ വെല്ലുവിളികളെല്ലാം വരുമാനം കുറയാന്‍ കാരണമായി. മൊത്തത്തിലുള്ള സമ്പദ് വ്യവസ്ഥയെ ബാധിക്കാത്ത രീതിയില്‍ മുന്നോട്ടുപോകുക അസാധ്യമായി വന്നുവെന്നും കൂടുതല്‍ ചിലവ് ചുരുക്കല്‍ നടപടികളും എണ്ണ-ഇതര വരുമാനത്തിന്റെ സ്ഥിരത ഉറപ്പാക്കുന്നതിനുള്ള നടപടികളും അനിവാര്യമായിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

പ്രവര്‍ത്തന, മൂലധന ചിലവുകള്‍ വെട്ടിച്ചുരുക്കാനും ചിലത് നീട്ടിവെക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 100 ബില്യണ്‍ റിയാലിന്റെ വിഷന്‍ 2030 പരിഷ്‌കരണ പദ്ധതിയുടെ ഭാഗമായ പ്രോജക്ടുകള്‍ക്കും മെഗാപദ്ധതികള്‍ക്കുമുള്ള ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കും. ബജറ്റ് 20 ശതമാനം വരെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ മാര്‍ച്ചില്‍ സര്‍ക്കാര്‍ വിവിധ പൊതുമേഖല സ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസങ്ങളില്‍ സൗദിയില്‍ എണ്ണ വ്യവസായത്തില്‍ നിന്നുള്ള വരുമാനം 24 ശതമാനം ഇടിഞ്ഞ് 34 ബില്യണ്‍ ഡോളറായിരുന്നു. ഇതോടെ മൊത്തത്തിലുള്ള വരുമാനത്തിലും 22 ശതമാനം കുറവുണ്ടായി.

Author

Related Articles