News

സൗദി അരാംകോ ഐപിഒയിലൂടെ രണ്ട് ട്രില്യണ്‍ ഡോളര്‍ സമാഹരിക്കില്ലെന്ന് റിപ്പോര്‍ട്ട്; 1.5 ട്രില്യണിലേക്ക് മാത്രം സമാഹരണമെന്ന് വിലയിരുത്തല്‍

റിയാദ്: സൗദി അരാംകോയുടെ ഐപിഒക്ക് കഴിഞ്ഞ ദിവസമാണ് സൗദി ഭരണകൂടം അനുമതി നല്‍കിയിരുന്നത്. അതേസമയം ഐപിഒയിലൂടെ രണ്ട് ട്രില്യണ്‍ യുഎസ് ഡോളര്‍ സമാഹരിക്കാന്‍ സൗദി അരാംകോയ്ക്ക് സാധ്യമാകില്ലെന്ന് വിലയിരുത്തല്‍. സൗദി അരാംകോയ്ക്ക് ഐപിഒയിലൂടെ 1.5 ട്രില്യണ്‍ ഡോളര്‍ മാത്രമേ സമാഹരിക്കാന്‍ സാധ്യമാകൂ എന്നാണ് വിലയിരുത്തല്‍. അരാംകോയുടെ ഓഹരി ഇടപാടുകള്‍ നടത്താന്‍ സാധ്യതയുള്ള നിക്ഷേപകരുടെ അഭിപ്രായത്തില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്.  സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുക അത്ര എളുപ്പമല്ലെന്നാണ് വിലയിരുത്തല്‍. 

സൗദി അരാംകോ ഒരു ശതമാനം മുതല്‍ രണ്ട് ശതമാനം വരെ ഓഹരികളാണ് സൗദി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ പോകുന്നത്. ഓഹരി വിപണിയില്‍ നിന്ന് സൗദി അരാംകോയ്ക്ക് ഏകദേശം 20 ബില്യണ്‍ യുഎസ് ഡോളര്‍ മുതല്‍ 40 ബില്യണ്‍ യുഎസ് ഡളര്‍ വരെയാണ് കൈവരിക്കാന്‍ സാധിക്കുകയെന്നാണ് വിലയിുത്തല്‍.  അതേസമയം 25 ബില്യണ്‍ സമാഹരണം സൗദി അരാംകോയ്ക്ക് നേടാന്‍ സാധിച്ചാല്‍ 2014 ല്‍ ആലിബാബ കൈവരിച്ച റെക്കോര്‍ഡായിരിക്കും തിരുത്തപ്പെടുക. 

എന്നാല്‍ ലോകത്തിലേറ്റവും ലാഭമുള്ള സൗദി അരാംകോയിലേക്ക് നിക്ഷേപകരുടെ പ്രവാഹം തന്നെയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.  ലോകത്തിലെ വമ്പന്‍ നിക്ഷേപകരാണ് സൗദി അരാംകോയിലേക്ക് ഒഴുകിയെത്താന്‍ പോകുന്നത്.അതേസമയം ഓഹരി വിലയുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ സൗദി അരാംകോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നവംബര്‍ 17 നകം സൗദി അരാംകോ ഓഹരികളുടെ വില പ്രഖ്യാപിച്ചേക്കുമെന്നാണ് സൗദിവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Author

Related Articles