News

സൗദി അരാംകോയുടെ ആദ്യപാദ അറ്റാദായത്തില്‍ 30 ശതമാനം വളര്‍ച്ച; 21.7 ബില്യണ്‍ ഡോളറായി

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ആദ്യപാദ അറ്റാദായം 30 ശതമാനം ഉയര്‍ന്ന് 21.7 ബില്യണ്‍ ഡോളറായി. എണ്ണവില വര്‍ധനയും ലോകത്ത് മൊത്തത്തില്‍ സാമ്പത്തിക രംഗം മെച്ചപ്പെട്ടതുമാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച്  അരാംകോയുടെ ആദ്യപാദ അറ്റാദായം ഉയരാനുള്ള പ്രധാന കാരണങ്ങള്‍. റോയിട്ടേഴ്സ് സാമ്പത്തിക വിദഗ്ധരുടെ 19.48 ബില്യണ്‍ ഡോളര്‍ എന്ന പ്രവചനവും ബ്ലൂംബര്‍ഗിന്റെ 18 ബില്യണ്‍ ഡോളര്‍ എന്ന പ്രവചനവും മറികടന്നാണ് അരാംകോ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാംപാദത്തില്‍ 18.8 ബില്യണ്‍ ഡോളര്‍ ലാഭവിഹിതത്തിനായി മാറ്റിവെക്കാനാണ് അരാംകോയുടെ പദ്ധതി.

ആഗോളതലത്തിലുണ്ടായ സാമ്പത്തിക വീണ്ടെടുപ്പ് നല്‍കിയ ഉണര്‍വ്വ് ഊര്‍ജ വിപണികളെ ശക്തിപ്പെടുത്തിയതായെന്നും അതോടൊപ്പം കമ്പനിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യവും സാമ്പത്തികസ്ഥിതിയും തൊഴിലാളികളുടെ കാര്യക്ഷമതയും ആദ്യപാദത്തിലെ ശക്തമായ സാമ്പത്തിക പ്രകടനത്തെ സ്വാധീനിച്ചതായി അരാംകോ പ്രസിഡന്റും സിഇഒയുമായ അമീന്‍ നാസര്‍ പ്രതികരിച്ചു.

വികസിത രാജ്യങ്ങളിലെ വാക്സിനേഷന്‍ യജ്ഞങ്ങളും ഉത്തേജന പാക്കേജുകളും കോവിഡ് നിയന്ത്രണങ്ങളിലെ അയവും മൂലം ഈ വര്‍ഷം ആരംഭിച്ചതിന് ശേഷം ബ്രെന്റ്, വെസ്റ്റ് ടെക്സാസ് ഇന്റെര്‍മീഡിയേറ്റ് തുടങ്ങിയ ക്രൂഡ് ഇനങ്ങളുടെ വിലയില്‍ 30 ശതമാനത്തിലധികം വര്‍ധനയാണ് രേഖപ്പെടുത്തിയത്. വികസിത രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകള്‍ വളര്‍ച്ച വീണ്ടെടുത്തതോടെ അന്താരാഷ്ട്ര നാണ്യനിധി ഈ വര്‍ഷത്തെ ആഗോള സാമ്പത്തിക വളര്‍ച്ച നിഗമനം 5.5 ശതമാനത്തില്‍ നിന്നും 6 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു.

2021ലെ ആദ്യ മൂന്ന് മാസങ്ങളില്‍ അരാംകോയുടെ വരുമാനം  225.57 ശതമാനം ഉയര്‍ന്ന് 272.07 ബില്യണ്‍ സൗദി റിയാലായി. അതേസമയം ഇതേ കാലയളവിലെ മൂലധന ചിലവിടല്‍ 8.2 ബില്യണ്‍ ഡോളറായിരുന്നു. ഡൗണ്‍സ്ട്രീം രംഗത്ത് നിന്നുള്ള അദായം ഉയര്‍ന്നതും രാജ്യത്തെ ഏറ്റവും വലിയ പെട്രോകെമിക്കല്‍ നിര്‍മാതാക്കളായ സാബികുമായുള്ള ഏകീകരണവും അരാംകോയ്ക്ക് നേട്ടമായി.

ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടിയ സാഹചര്യത്തില്‍ ഭൂരിപക്ഷ ഓഹരികളും അരാംകോയുടെ ഉടമസ്ഥതയിലുള്ള സാബിക് കഴിഞ്ഞ ആഴ്ച 4.86 ബില്യണ്‍ സൗദി റിയാല്‍ ആദ്യപാദ അറ്റാദായമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ സാബിക് 1.05 ബില്യണ്‍ റിയാല്‍ നഷ്ടത്തിലായിരുന്നു. സാബികിന്റെ ആദ്യപാദ വരുമാനം 24 ശതമാനം ഉയര്‍ന്ന് 37.53 ബില്യണ്‍ റിയാലായി.

Author

Related Articles