രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്കാന് ഒരുങ്ങി സൗദി
റിയാദ്: രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്കാന് സൗദി മന്ത്രിസഭ സമ്മതം മൂളി. എസ്ടിസി ബാങ്കിനും സൗദി ഡിജിറ്റല്‍ ബാങ്കിനും ലൈസന്‍സ് ലഭ്യമാക്കാന്‍ മന്ത്രിസഭ ധനമന്ത്രാലയത്തെ ചുമതലപ്പെടുത്തി. പ്രവര്‍ത്തനം ആരംഭിക്കാന്‍ തയ്യാറെടുക്കുന്ന ഇരുബാങ്കുകള്‍ക്കും ധനമന്ത്രി ആവശ്യമായ ലൈസന്‍സുകള്‍ ലഭ്യമാക്കുമെന്ന് മന്ത്രിസഭയുടെ പ്രസ്താവനയെ ഉദ്ധരിച്ച് സൗദി പ്രസ്സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ആദ്യം, എസ്ടിസി പേയെ 2.5 ബില്യണ്‍ സൗദി റിയാല്‍ മൂലധനമുള്ള എസ്ടിസി ബാങ്കെന്ന തദ്ദേശീയ ഡിജിറ്റല്‍ ബാങ്ക് ആക്കും. രണ്ടാമതായി, അബ്ദുള്‍ റഹ്മാന് ബിന്‍ സാദ് അല്‍ റാഷിദ് ആന്‍ഡ് സണ്‍സിന്റെ നേതൃത്വത്തിലുള്ള നിശ്ചിത കമ്പനികളും നിക്ഷേപകരും ചേര്‍ന്ന് രാജ്യത്ത് ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി 1.5 ബില്യണ്‍ സൗദി റിയാല്‍ മൂലധനമോടെ പ്രാദേശിക ഡിജിറ്റല്‍ ബാങ്കായ സൗദി ഡിജിറ്റല്‍ ബാങ്ക് സ്ഥാപിക്കും. സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിര്‍ച്വല്‍ യോഗത്തിലാണ് ഡിജിറ്റല്‍ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള തീരുമാനം മന്ത്രിസഭ അംഗീകരിച്ചത്.
സൗദി അറേബ്യയുടെ സാമ്പത്തിക വികസന പദ്ധതിയോട് അനുബന്ധിച്ചാണ് മന്ത്രിസഭ ഡിജിറ്റല്‍ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള തീരുമാനം അംഗീകരിച്ചതെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ദാന്‍ പ്രതികരിച്ചു. സൗദി വിഷന്‍ 2030 എന്ന സമഗ്ര സാമ്പത്തിക പരിവര്‍ത്തന പദ്ധതിയുടെ ഭാഗമാണ് സാമ്പത്തിക വികസന പദ്ധതിയും. കൂടുതല്‍ കാര്യക്ഷമമായ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം വികസിപ്പിക്കുക, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, ധനകാര്യ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്ക് രൂപം നല്‍കുക. സ്വകാര്യ മേഖലയുടെ വളര്‍ച്ചയ്ക്ക് ധനകാര്യ കമ്പനികളുടെ പിന്തുണ ലഭ്യമാക്കുക എന്നിവയും സൗദി വിഷന്‍ 2030യുടെ ലക്ഷ്യങ്ങളാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍