News

സൗദി അരാംകോയിലെ ഒരു ശതമാനം ഓഹരി ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിക്ക് വില്‍ക്കുന്നു

റിയാദ്: പൊതുമേഖല എണ്ണക്കമ്പനിയായ സൗദി അരാംകോയിലെ ഒരു ശതമാനം ഓഹരികള്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിക്ക് വില്‍ക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (എംബിഎസ്). ഇടപാട് ഒന്ന്, രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ നടന്നേക്കുമെന്ന് സ്റ്റേറ്റ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തില്‍ എംബിഎസ് വ്യക്തമാക്കി. ഏകദേശം 19 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇടപാടായിരിക്കും ഇതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ഇടപാട് പൂര്‍ത്തിയാകുന്നതിന് മുമ്പ് ഇതില്‍ ഉറപ്പുകളൊന്നും നല്‍കുന്നില്ലെന്നും എന്നാല്‍ ലോകത്തിലെ തന്നെ മുന്‍നിര എണ്ണക്കമ്പനി അരാംകോയിലെ ഒരു ശതമാനം ഓഹരി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സൗദി കിരീടാവകാശി പറഞ്ഞു. ഈ കമ്പനിയുള്ള രാജ്യത്ത് അരാംകോയടെ വില്‍പ്പന ശക്തിപ്പെടുത്തുന്ന വളരെ പ്രധാനപ്പെട്ട ഇടപാടായിരിക്കും ഇതെന്നും അരാംകോയുടെ ഒരു ശതമാനം ഓഹരി ആ കമ്പനിക്ക് ലഭിക്കുകയാണെങ്കില്‍ അരാംകോ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിക്കുമെന്നും എംബിഎസ് വ്യക്തമാക്കി.

ചൈനയാണ് സൗദി അറേബ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവ്. കഴിഞ്ഞ മാസം സൗദിയില്‍ നിന്നും കയറ്റുമതി ചെയ്ത എണ്ണയുടെ മുപ്പത് ശതമാനവും എത്തിയത് ചൈനയിലേക്കായിരുന്നു. ചൈന കഴിഞ്ഞ് സൗദി എണ്ണ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്നത് ജപ്പാനാണ്. സൗദി സമ്പദ് വ്യവസ്ഥയെ പരിവര്‍ത്തനം ചെയ്യുന്നതിനും വൈവിധ്യവല്‍ക്കരിക്കുന്നതിനുമുള്ള വിഷന്‍ 2030 പദ്ധതിക്കാവശ്യമായ ചിലവുകള്‍ക്ക് കിരീടാവകാശി ഏറ്റവുമധികം ആശ്രയിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയെയാണ്.

Author

Related Articles