News

എണ്ണ വില വര്‍ധിപ്പിച്ച് സൗദി; ബദല്‍ മാര്‍ഗങ്ങള്‍ തേടി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ധന വില കുത്തനെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബദല്‍ മാര്‍ഗങ്ങള്‍ ഇന്ത്യ തേടുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയുടെ നീക്കം. ആഗോള വിപണിയില്‍ വില കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യം കഴിഞ്ഞ ദിവസം സൗദി തള്ളുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വേഗത കൂടി എന്നാണ് വിവരം. അമേരിക്കന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ വര്‍ധിപ്പിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം മുമ്പ് ഇന്ത്യ അമേരിക്കയില്‍ നിന് 0.5 ശമതാനം എണ്ണയാണ് വാങ്ങിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് 6 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനി ചെയര്‍മാന്‍ മുകേഷ് കുമാര്‍ സുരാന പറഞ്ഞു.

എണ്ണവില കുറയ്ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എണ്ണ രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ കഴിഞ്ഞ യോഗത്തില്‍ യാതൊരു നടപടിയുമുണ്ടായില്ല. ഉല്‍പ്പാദനം ഉയര്‍ത്തിയാല്‍ വില കുറയും. എന്നാല്‍ നിലവിലുള്ള അളവില്‍ തന്നെ ഉല്‍പ്പാദനം തുടരാമെന്നാണ് സൗദിയുടെയും റഷ്യയുടെയും തീരുമാനം. ഈ രണ്ടു രാജ്യങ്ങളാണ് എണ്ണ വില നിര്‍ണയിക്കുന്നതില്‍ പ്രധാനികള്‍.

തിങ്കളാഴ്ച ബാരലിന് 71 ഡോളറാണ് ആഗോള വിപണിയിലെ വില. 50-60 ഡോളറില്‍ വില നിലനിര്‍ത്തണമന്നാണ് ഇന്ത്യയുടെ ആഗ്രഹം. അതില്‍ കവിഞ്ഞാല്‍ ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് ഇളക്കം തട്ടും. കൊറോണ പ്രതിസന്ധി കാലത്ത് എണ്ണ വില ബാരലിന് 20 ഡോളറായിരുന്നു. ഇക്കാലത്ത് ഇന്ത്യ വന്‍തോതില്‍ ഇറക്കുമതി ചെയ്തു സംഭരിച്ചിട്ടുണ്ട്. അന്ന് വാങ്ങിയ എണ്ണ ഇന്ത്യ ഉപയോഗിക്കൂ എന്നാണ് സൗദി പ്രതികരിച്ചത്.

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. 86 ശതമാനം ഇറക്കുമതിയും ഒപെക് പ്ലസ് രാജ്യങ്ങളില്‍ നിന്നാണ്. 19 ശതമാനം എണ്ണയാണ് ഇന്ത്യ സൗദിയില്‍ നിന്ന് ഇറക്കുന്നത്. ഒപെക് പ്ലസില്‍ ഉള്‍പ്പെടാത്ത രാജ്യമാണ് ഇറാന്‍. ഇന്ത്യ ഇനി ഇറാനെ ആശ്രയിക്കുമോ എന്നാണ് അറിയേണ്ടത്. നേരത്തെ ഇറാന്റെ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നെങ്കിലും അമേരിക്കയുടെ സമ്മര്‍ദ്ദം കാരണം നിര്‍ത്തുകയായിരുന്നു. അമേരിക്കയില്‍ ഭരണം മാറിയ സാഹചര്യത്തില്‍ ഇന്ത്യ വീണ്ടും ഇറാന്റെ എണ്ണയെ ആശ്രയിച്ചേക്കും.

Author

Related Articles