News

എസ്ബിഐ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറെ നിയമിക്കുന്നു; ശമ്പള പാക്കേജ് ഒരു കോടി രൂപ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ. പുതിയ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറെ നിയമിക്കാന്‍ തയ്യാറെടുക്കുന്നു. മൂന്നുവര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തില്‍ വര്‍ഷം 75 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വരുന്ന ശമ്പള പാക്കേജ് (സി.ടി.സി.) ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 2018 -19 വര്‍ഷത്തില്‍ എസ്.ബി.ഐ. ചെയര്‍മാന്‍ രജനിഷ് കുമാറിന് ലഭിച്ച പ്രതിഫലത്തിന്റെ മൂന്നിരട്ടി വരുമിത്.

2020 ഏപ്രില്‍ ഒന്നുവരെ അക്കൗണ്ടിങ്, ടാക്‌സേഷന്‍ വിഷയങ്ങള്‍ കൈകാര്യംചെയ്ത് ബാങ്കുകളിലോ വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലോ പൊതുമേഖലാസ്ഥാപനങ്ങളിലോ സാന്പത്തികസ്ഥാപനങ്ങളിലോ ചുരുങ്ങിയത് 15 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്കാണ് അവസരം. ഇതാദ്യമായാണ് സി.എഫ്.ഒ. തസ്തികയിലേക്ക് എസ്.ബി.ഐ. പുറത്തുനിന്ന് ആളെ തേടുന്നത്. ഇതുവരെ ബാങ്കിന്റെ മുതിര്‍ന്ന മാനേജ്‌മെന്റ്തലത്തില്‍നിന്നായിരുന്നു ഈ തസ്തികയില്‍ നിയമനം. കരാര്‍ നിയമനമാണെന്നതിനാലാണ് സി.എഫ്.ഒ. തസ്തികയില്‍ ഇത്രയും ഉയര്‍ന്ന പ്രതിഫലം ബാങ്ക് വാഗ്ദാനംചെയ്തിരിക്കുന്നത്.

Author

Related Articles