News

ഡിജിറ്റല്‍ പേമെന്റ് പദ്ധതിയിലേക്ക് എസ്ബിഐയും; ലൈസന്‍സിനായി അപേക്ഷിക്കുന്നു

മുംബൈ: നാഷണല്‍ പേമെന്റ് കോര്‍പ്പറേഷനു സമാനമായി പുതിയ ഡിജിറ്റല്‍ പേമെന്റ് സംവിധാനം കൊണ്ടുവരുന്നതിന് പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിന്റെ ഭാഗമായി റിസര്‍വ് ബാങ്കിന്റെ പദ്ധതിയായ 'ന്യൂ അംബ്രല്ല എന്റിറ്റി' പദ്ധതിയില്‍ ലൈസന്‍സിനായി അപേക്ഷിക്കാനാണ് തീരുമാനം. വിഷയത്തില്‍ എസ്ബിഐയുടെ ഉന്നതതലത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നു.

പദ്ധതിയുടെ സാധ്യതകള്‍ പരിശോധിക്കാനും ലൈസന്‍സിന് അപേക്ഷിക്കാനുമാണ് തത്ത്വത്തില്‍ തീരുമാനമായിരിക്കുന്നത്. എസ്ബിഐയുടെ നേതൃത്വത്തില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് പദ്ധതി നടപ്പാക്കുക, ഫിന്‍ടെക് സ്ഥാപനങ്ങളുമായി സഹകരിച്ച് പുതിയ സംരംഭത്തിന് തുടക്കമിടുക എന്നിങ്ങനെ വിവിധ സാധ്യതകളാണ് പരിഗണനയിലുള്ളത്.

പദ്ധതിയുടെ മാനദണ്ഡങ്ങള്‍ കഴിഞ്ഞയാഴ്ചയാണ് റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ചത്. 2021 ഫെബ്രുവരി വരെ ലൈസന്‍സിനായി അപേക്ഷിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. എന്‍പിസിഐക്കുള്ള അതേ അധികാരങ്ങള്‍ പുതിയ സംരംഭത്തിനു ലഭിക്കും. നിലവില്‍ യുപിഐ, ഐഎംപിഎസ്, നാഷണല്‍ ഫിനാന്‍ഷ്യല്‍ സ്വിച്ച് തുടങ്ങിയവ വഴി ഡിജിറ്റല്‍ പേമെന്റിന്റെ 60 ശതമാനവും നിയന്ത്രിക്കുന്ന എന്‍പിസിഐ ലാഭേച്ഛകൂടാതെ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. ഈ രംഗത്തെ പുതിയ കമ്പനികള്‍ ലാഭം മുന്‍നിര്‍ത്തി തന്നെയാകും പ്രവര്‍ത്തിക്കുക.

Author

Related Articles