News

നേട്ടത്തില്‍ എസ്ബിഐ; 7,626 കോടി രൂപ അറ്റാദായം

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ എസ്ബിഐയ്ക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 7,626 കോടിയുടെ അറ്റാദായം. 67 ശതമാനത്തിന്റെ റെക്കോര്‍ഡ് വളര്‍ച്ചയാണ് ബാങ്കിന് ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4574 കോടിയായിരുന്നു ലാഭം.

ഈ സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തെ അപേക്ഷിച്ച് 17 ശതമാനത്തിന്റെ വളര്‍ച്ചയാണ് ലാഭത്തില്‍ പ്രകടമായത്. ബാങ്കിന്റെ അറ്റ പലിശ വരുമാനം 10.6 ശതമാനം ഉയര്‍ന്ന് 31,184 കോടിയില്‍ എത്തി. അറ്റ പലിശ മാര്‍ജിന്‍ 16 പോയിന്റ് ഉയര്‍ന്ന് 3.50 ശതമാനം ആയി.എസ്ബിഐയുടെ പ്രവര്‍ത്തന ലാഭം കഴിഞ്ഞ വര്‍ഷത്തെ കാലയളവില്‍ 16,460 കോടി രൂപ ആയിരുന്നത് 9.84 ശതമാനം വര്‍ധിച്ച് 18,079 കോടിയില്‍ എത്തി.

ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്ഥികള്‍ ഈ പാദത്തില്‍ 4.90 ശതമാനമായി കുറഞ്ഞു. മുന്‍പാദത്തില്‍ ഇത് 5.32 ശതമാനവും കഴിഞ്ഞ വര്‍ഷം 5.28 ശതമാനവും ആയിരുന്നു. ബാങ്കിന്റെ പലിശേതര വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3.7 ശതമാനം കുറഞ്ഞ് 8,207 കോടിയായി. 2020-21 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തെക്കാള്‍ 10 ശതമാനത്തിന്റെ വര്‍ധനവാണ് ആകെ നിക്ഷേപങ്ങളില്‍ ഉണ്ടായത്. കറന്റ് അക്കൗണ്ട് നിക്ഷേപം പ്രതിവര്‍ഷം 19.2 ശതമാനവും സേവിംഗ്സ് ബാങ്ക് അക്കൗണ്ട് നിക്ഷേപം 10.55 ശതമാനവും വളര്‍ച്ചയാണ് നേടിയത്.

Author

Related Articles