News

ഗര്‍ഭിണികള്‍ക്ക് നിയമന വിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനം പിന്‍വലിച്ച് എസ്ബിഐ

ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ക്ക് 'നിയമന വിലക്ക്' ഏര്‍പ്പെടുത്തിയ തീരുമാനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പിന്‍വലിച്ചു. പൊതുജനവികാരം കണക്കിലെടുത്താണ് തീരുമാനമെന്ന് എസ്ബിഐ അറിയിച്ചു. പുതുക്കിയ നിര്‍ദേശങ്ങള്‍ ഉപേക്ഷിക്കാനും നിലവിലുള്ള നിര്‍ദേശങ്ങള്‍ തുടരാനും തീരുമാനിച്ചതായി എസ്ബിഐ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

എസ്ബിഐയുടെ തീരുമാനത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പിന്മാറ്റം. ഡല്‍ഹി വനിത കമീഷന്‍, യുവജന പ്രസ്ഥാനങ്ങള്‍ അടക്കം സംഘടനകള്‍ തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ജനുവരി 28നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഗര്‍ഭിണികള്‍ക്ക് 'നിയമന വിലക്ക്' വീണ്ടും ഏര്‍പ്പെടുത്തിയത്. മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന ശേഷം 2009ല്‍ പിന്‍വലിച്ച വിലക്കാണ് പുനഃസ്ഥാപിച്ചത്. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ബാങ്കിന്റെ എല്ലാ ലോക്കല്‍ ഹെഡ് ഓഫിസുകളിലും സര്‍ക്കിള്‍ ഓഫിസുകളിലും ലഭിച്ചിരുന്നു.

എസ്ബിഐയില്‍ നിയമനത്തിന് പരിഗണിക്കുന്ന വനിത ഗര്‍ഭിണിയാണെങ്കില്‍, അവരുടെ ഗര്‍ഭകാലം മൂന്ന് മാസത്തില്‍ കൂടുതലാണെങ്കില്‍ നിയമനത്തിന് 'താല്‍കാലിക അയോഗ്യത'യായി കണക്കാക്കുമെന്ന് ഇതില്‍ പറഞ്ഞിരുന്നു. ഇവര്‍ പ്രസവം കഴിഞ്ഞ് നാല് മാസത്തിനകം ജോലിയില്‍ പ്രവേശിക്കണമെന്നും സര്‍ക്കുലര്‍ അറിയിച്ചിരുന്നു.

അതായത്, ഗര്‍ഭിണികള്‍ക്ക് മൂന്ന് മാസം കഴിഞ്ഞാല്‍ നിയമനം നിഷേധിക്കുന്നെന്ന് മാത്രമല്ല പ്രസവശേഷം ആറ് മാസം വരെ നവജാത ശിശുവിനെ പരിപാലിക്കാനുള്ള സ്വാഭാവിക സമയം അനുവദിക്കുന്നുമില്ല. ഡിസംബര്‍ 21ന് ചേര്‍ന്ന യോഗമാണ് നിലവിലെ വ്യവസ്ഥകള്‍ മാറ്റിയുള്ള ഈ തീരുമാനമെടുത്തതെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

ഗര്‍ഭിണികള്‍ക്ക് നിയമനത്തിനും സ്ഥാനക്കയറ്റത്തിനും വിലക്കിനോളം പോന്ന കര്‍ശന നിയന്ത്രണങ്ങള്‍ നിലനിന്ന എസ്.ബി.ഐയില്‍ ഏറെക്കാലത്തെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് 2009ലാണ് മാറ്റം വന്നത്. നിയമനത്തിനും സ്ഥാനക്കയറ്റത്തിനും പരിഗണിക്കപ്പെടുന്ന വനിതകള്‍ അവര്‍ ഗര്‍ഭിണിയാണോയെന്നതടക്കമുള്ള വിശദാംശങ്ങള്‍ മാത്രമല്ല ആര്‍ത്തവചക്രം സംബന്ധിച്ചും രേഖാമൂലം വിവരങ്ങള്‍ നല്‍കാന്‍ നേരത്തേ നിര്‍ബന്ധിതരായിരുന്നു. ഇതില്‍ മാറ്റം വരുത്തിയാണ് 2009ല്‍, ഗര്‍ഭകാലം ആറ് മാസം വരെയുള്ളവര്‍ക്ക് നിയമനം നല്‍കാമെന്നും ജോലിക്കായെത്തുന്നത് ഗര്‍ഭാവസ്ഥക്കും ആരോഗ്യത്തിനും ദോഷമാകില്ലെന്നുമുള്ള ഗൈനക്കോളജിസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയെന്ന വ്യവസ്ഥ വെച്ചത്. ഇതാണ് വീണ്ടും 'വിലക്കി'ലേക്ക് മാറിയത്.

Author

Related Articles