News

ഉപഭോക്താക്കളില്‍ നിന്ന് അനാവശ്യമായി പിരിച്ചെടുത്ത 164 കോടി രൂപ തിരികെ നല്‍കാതെ എസ്ബിഐ

ന്യൂഡല്‍ഹി: ഉപഭോക്താക്കളില്‍ നിന്ന് അനാവശ്യമായി പിരിച്ചെടുത്ത 164 കോടി രൂപ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഇപ്പോഴും കൈവശംവെച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. 2017-2019 കാലയളവില്‍ പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളിലെ ഡെബിറ്റ് ഇടപാടുകളിലാണ് ബാങ്കിന്റെ പിടിച്ചുപറി നടന്നത്. ആദ്യത്തെ നാല് ഇടപാടുകള്‍ക്ക് ശേഷമുള്ള ഓരോ ഇടപാടിനും 17.70 രൂപ ഈടാക്കിയതുവഴി 254 കോടി രൂപയാണ് ബാങ്ക് അനധികൃതമായി സമ്പാദിച്ചത്.

ഈ അക്കൗണ്ടുകളില്‍ നിന്ന് മാസം നാല് പ്രാവശ്യത്തില്‍ കൂടുതല്‍ പണം പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതിയുള്ളപ്പോഴാണ് ബാങ്ക് സ്വന്തം നിലക്ക് ഉപഭോക്താക്കളെ പിഴിഞ്ഞത്. ഇതേ തുടര്‍ന്ന് കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് ഇടപെട്ട് അധികം ഈടാക്കിയ തുക തിരിച്ചുകൊടുക്കാന്‍ ബാങ്കിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ 90 കോടി മാത്രമേ തിരിച്ചുനല്‍കിയിട്ടുള്ളൂവെന്നും ബാക്കി 164 കോടി അനുമതിയില്ലാതെ കൈവശം വെച്ചിരിക്കുകയാണെന്നും ഐഐടി മുംബൈ സ്റ്റാറ്റിസ്റ്റിക്‌സ് പ്രഫസര്‍ ആശിഷ് ദാസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതുസംബന്ധിച്ച് ബാങ്കിനോട് പ്രതികരണം തേടിയെങ്കിലും മറുപടി ഉണ്ടായില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പണം പിന്‍വലിക്കല്‍, യു.പി.ഐ വഴി പണം കൈമാറ്റം, ഒരു അക്കൗണ്ടില്‍നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പണം അയക്കുന്ന ഐഎംപിഎസ്, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി കൂടാതെ ചെക്ക് ഇടപാട് തുടങ്ങിയവക്കാണ് ബാങ്ക് അധിക ചാര്‍ജ് ഈടാക്കിയത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഡിജിറ്റല്‍ ഇടപാട് നടത്തിയ ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാണ് ബാങ്കിന്റെ നടപടിവഴി ഉണ്ടായതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

Author

Related Articles