News

വായ്പ പുനഃക്രമീകരണത്തിന് ആവശ്യക്കാര്‍ കുറവ്: എസ്ബിഐ

കൊച്ചി: കോവിഡ് മൂലം തിരിച്ചടവ് പ്രതിസന്ധിയിലായ ബിസിനസ് വായ്പകളുടെ പുനഃക്രമീകരണത്തിന്, പ്രതീക്ഷിച്ചത്ര അപേക്ഷകള്‍ കിട്ടുന്നില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചെയര്‍മാന്‍ രജ്‌നീഷ് കുമാര്‍. 8 ലക്ഷം കോടിയുടെ വായ്പകള്‍ ഇങ്ങനെ പുനഃക്രമീകരിക്കേണ്ടിവരുമെന്നാണ് വിപണി പ്രതീക്ഷിച്ചതെങ്കിലും ഒന്നര ലക്ഷം കോടിയില്‍ ഒതുങ്ങാനാണു സാധ്യത. വലിയ കമ്പനികള്‍ വായ്പ പുനഃക്രമീകരണം എന്ന ലേബല്‍ ഇഷ്ടപ്പെടുന്നില്ല. 25 കോടിക്കുമേലും 400 കോടിക്കു താഴെയുമുള്ള വായ്പകളാകും കൂടുതലായും പരിഗണിക്കേണ്ടിവരുകയെന്ന് അദ്ദേഹം പറഞ്ഞു.

റീട്ടെയില്‍ വായ്പകളുടെ പുനഃക്രമീകരണത്തിനും റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരം ബാങ്ക് പ്രത്യേക സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. ബാങ്ക് വെബ്‌സൈറ്റില്‍ വായ്പ അക്കൗണ്ട് നമ്പര്‍ നല്‍കിയാലുടന്‍ പുനഃക്രമീകരണത്തിന് അര്‍ഹതയുണ്ടോയെന്ന് അറിയാനാകും. അര്‍ഹരായവര്‍ക്ക് റഫറന്‍സ് നമ്പര്‍ ലഭിക്കും. ആ നമ്പറുമായി ബാങ്ക് ശാഖയിലെത്തിയാണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. കോവിഡ് കാരണം തിരിച്ചടവു മുടങ്ങിയവര്‍ക്കുമാത്രമാണ് സൗകര്യം ലഭിക്കുക. കഴിഞ്ഞ മാര്‍ച്ച് 1 വരെ തിരിച്ചടവില്‍ വീഴ്ച വരാത്ത വായ്പകള്‍ക്കേ പുനഃക്രമീകരണത്തിന് അര്‍ഹതയുള്ളൂ. 24 മാസം വരെ മൊറട്ടോറിയം നല്‍കും. ഇനിയങ്ങോട്ട് 0.35% അധികപലിശ നല്‍കേണ്ടിവരുമെന്നും ബാങ്ക് പറയുന്നു.

Author

Related Articles