News

എയര്‍ടെലിന് 923 കോടി രൂപ ജിഎസ്ടി റീഫണ്ട് നല്‍കേണ്ട; ഹൈക്കോടതി വിധി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: എയര്‍ടെലിന് 923 കോടി രൂപ ജിഎസ്ടി റീഫണ്ട് നല്‍കണമെന്ന ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളി. ഇതോടെ കേന്ദ്രസര്‍ക്കാരിന് വലിയ ആശ്വാസമാണ് ഉണ്ടായത്. 2017 ജൂലൈ-സെപ്തംബര്‍ പാദവാര്‍ഷികത്തില്‍ ജിഎസ്ടി അധികമായി നല്‍കിയെന്നും അതിനാല്‍ റീഫണ്ട് വേണമെന്നുമായിരുന്നു ടെലികോം കമ്പനിയുടെ ആവശ്യം.

ജിഎസ്ടി സിസ്റ്റം അക്കാലത്ത് സങ്കീര്‍ണമായതിനാല്‍ കൃത്യമായി ഇന്‍പുട് ടാക്‌സ് ക്രഡിറ്റ് കണക്കാക്കാനായില്ലെന്നാണ് കമ്പനി പറഞ്ഞത്. അതിനാല്‍ ഇപ്പോള്‍ അന്നത്തെ റിട്ടേണ്‍ രേഖകളില്‍ ആവശ്യമായ തിരുത്തല്‍ വരുത്തി സമര്‍പ്പിക്കാനും അധികമായി അടച്ച നികുതി തിരികെ ലഭിക്കാനുമാണ് കമ്പനി കോടതിയെ സമീപിച്ചത്.

ജിഎസ്ടി നികുതി അവതരിപ്പിച്ച ആദ്യഘട്ടത്തില്‍ സിസ്റ്റം നികുതി കണക്കാക്കുന്നത് കൃത്യമായി മനസിലാക്കാന്‍ കഴിയാതെ അധികമായി അടച്ച പണം തിരികെ കിട്ടണമെന്ന് വാദിച്ചിരിക്കുന്ന പല കമ്പനികള്‍ക്കും ഈ വിധി തിരിച്ചടിയാണ്. 2017 ജൂലൈ മാസത്തിലായിരുന്നു രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയത്. അന്ന് തുടക്കകാലത്ത് പല തകരാറുകളും സിസ്റ്റത്തിലുണ്ടായിരുന്നു. ഡല്‍ഹി ഹൈക്കോടതി വിധി എയര്‍ടെലിന് അനുകൂലമായിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചു. കേസ് വാദം കേട്ടശേഷം പരമോന്നത നീതിന്യായ കോടതി കമ്പനികളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

Author

Related Articles