News

ഫ്യൂച്ചര്‍ റീട്ടെയില്‍-റിലയന്‍സ് കരാറിന് വീണ്ടും തിരിച്ചടി; നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി: ഫ്യൂച്ചര്‍ റീട്ടെയില്‍-റിലയന്‍സ് കരാറിന് വീണ്ടും തിരിച്ചടി. ഇ-കൊമേഴ്സ് സ്ഥാപനമായി ആമസോണ്‍ നല്‍കിയ ഹര്‍ജിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. മറ്റൊരു ഉത്തരവ് വരുന്നതുവരെ ഫ്യൂച്ചര്‍-റിലയന്‍സ് ഇടപാട് അംഗീകരിക്കുന്നതില്‍ നിന്ന് കമ്പനി ട്രിബ്യൂണലിനെ വിലക്കുകയും ചെയ്തിട്ടുണ്ട്.
 
ദേശീയ കമ്പനി നിയമ ട്രിബ്യൂണല്‍, സെക്യൂരിറ്റീസ് ആന്‍ഡ് എസ്‌ക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി), കമ്പറ്റീഷന്‍ കമ്മീഷന്‍ എന്നിവയുടെ നടപടികള്‍ നിര്‍ത്തിവെയ്ക്കാനാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഫ്യൂച്ചര്‍ റീട്ടെയിലും റിലയന്‍സും തമ്മിലുള്ള 24,713 കോടി രൂപയുടെ ഇടപാട് ചോദ്യംചെയ്ത് ആമസോണ്‍ നല്‍കിയ ഹര്‍ജിയില്‍ തല്‍സ്ഥിതി തുടരാനുള്ള ഉത്തരവ് ഡല്‍ഹി ഹൈക്കോടതി സ്റ്റേചെയ്തിരുന്നു. ഇതിനെതിരെയാണ് സൂപ്രീംകോടതിയുടെ നടപടി. ആമസോണിന്റെ ഹര്‍ജിയില്‍ രേഖാമൂലം മറുപടിനല്‍കാന്‍ ഫ്യൂച്ചര്‍ റീട്ടെയിലിന് കോടതി നോട്ടീസ് നല്‍കി. അഞ്ച് ആഴ്ചയ്ക്കുശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.

റിലയന്‍സിന് ആസ്തികള്‍ വില്‍ക്കാനുള്ള കരാറില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് പങ്കാളിത്തകരാര്‍ ലംഘിച്ചെന്നാരോപിച്ച് ഒക്ടോബറില്‍ ആമസോണ്‍ സിംങ്കപൂര്‍ ആര്‍ബ്രിടേഷന്‍ ട്രിബ്യൂണലില്‍നിന്ന് ഇടക്കാല സ്റ്റേ നേടിയിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവ് വന്നതിനെതുടര്‍ന്ന് റിലയന്‍സിന്റെ ഓഹരി വിലയില്‍ രണ്ടുശതമാനത്തോളം ഇടിവുണ്ടായി.

Author

Related Articles