News

ഒരാഴ്ചയ്ക്കകം നിക്ഷേപകരുടെ യോഗം വിളിച്ച് അനുമതി തേടാന്‍ ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ എഎംസിയോട് സുപ്രീം കോടതി

ഒരാഴ്ചയ്ക്കകം നിക്ഷേപകരുടെ യോഗം വിളിച്ച് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയതിന് അനുമതി തേടാന്‍ ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ എഎംസിയോട് സുപ്രീം കോടതി ഉത്തരവിട്ടു. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ നിക്ഷേപം പിന്‍വലിക്കാന്‍ അനമതി നല്‍കില്ലെന്നും കോടതി വ്യക്തമാക്കി.

നിക്ഷേപകരുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയത് തടഞ്ഞ കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് പണംതിരിച്ചുലഭിക്കാത്തത് വലിയ പ്രശ്നമാണെന്നും ജസ്റ്റിസ് എസ് അബ്ദുള്‍ നാസര്‍, സഞ്ജീവ് ഖന്ന എന്നവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കൂടുതല്‍ വാദംകേള്‍ക്കാന്‍ ഹര്‍ജി അടുത്തയാഴ്ചയിലേയ്ക്ക് മാറ്റി.

കഴിഞ്ഞ ഏപ്രില്‍ 23നാണ് ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്. നിക്ഷേപകരുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഫണ്ടുകള്‍ പ്രവര്‍ത്തനംനിര്‍ത്തിയതിനെതിരെ കര്‍ണാടക ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. മൂന്നുലക്ഷത്തിലധികം നിക്ഷേപകര്‍ 25,000 കോടി രൂപയിലധികമാണ് ഈ ഫണ്ടുകളില്‍ നിക്ഷേപിച്ചിട്ടുള്ള്. നവംബര്‍ അവസാനംവരെയുള്ള കണക്കുപ്രകാരം 11,576 കോടിരൂപയുടെ നിക്ഷേപം ഫണ്ടുകമ്പനിക്ക് തിരിച്ചടുക്കാനായിട്ടുണ്ട്.

Author

Related Articles