News

ഇന്‍സൈഡര്‍ ട്രേഡിങ്: ഇന്‍ഫോസിസിലെ ഉദ്യോഗസ്ഥരെ ഇടപാടില്‍ നിന്ന് വിലക്കി സെബി

ഇന്‍സൈഡര്‍ ട്രേഡിങ് കണ്ടെത്തിയതിനെതുടര്‍ന്ന് ഇന്‍ഫോസിസിലെ രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരെ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ഓഹരി ഇടപാടില്‍ നിന്ന് വിലക്കി. പ്രശാന്ത് ബത്ര, വെങ്കട സുബ്രഹ്മണ്യന്‍ എന്നിവര്‍ക്കാണ് ഓഹരി വാങ്ങുന്നതിനും വില്‍ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയത്. ലീഗല്‍, അക്കൗണ്ട് വിഭാഗങ്ങളില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്നവരാണ് ഇരുവരും.

2020 ജൂലായില്‍ പ്രവര്‍ത്തനഫലം പുറത്തുവിടും മുമ്പ് കമ്പനിയിലെ വിവരങ്ങള്‍ അറിഞ്ഞ് മുന്‍കൂട്ടി വ്യാപാരം നടത്തിയതുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്കെതിരെ സെബിയുടെ വിലക്ക് വീണത്. ഇവരെക്കൂടാതെ കമ്പനിക്ക് പുറത്തുള്ള അമിത് ബത്ര, ഭാരത് സി ജെയിന്‍, ക്യാപിറ്റല്‍ വണ്‍ പാര്‍ട്ണേഴ്സ്, ടെസോറ ക്യാപിറ്റല്‍, മനീഷ് സി ജെയിന്‍,അങ്കുഷ് ബത്ര തുടങ്ങിയവരും ഇന്‍ഫോസിസന്റെ ഓഹരിയില്‍ ഇന്‍സൈഡര്‍ ട്രേഡ് നടത്തിയതായി സെബി കണ്ടെത്തിയിരുന്നു.

എന്താണ് ഇന്‍സൈഡര്‍ ട്രേഡിങ് ?

മാനേജുമെന്റ് തലത്തിലുള്ളവരോ അവരുമായി അടുപ്പമുള്ളവരോ ലിസ്റ്റഡ് കമ്പനികളുടെ സാമ്പത്തിക വിവരങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ് ഓഹരി ഇടപാടുകള്‍ നടത്തി നേട്ടമുണ്ടാക്കുന്നതാണ് ഇന്‍സൈഡര്‍ ട്രേഡിങ്. ഇത്തരം ഇടപാടുകളിലൂടെ കമ്പനി അധികൃതര്‍ നേട്ടമുണ്ടാക്കുന്നത് നിയമവിരുദ്ധമാണ്.

Author

Related Articles