News

ആമസോണിന് തിരിച്ചടി; റിലയന്‍സ് ഇന്‍ഡസ്ട്രീസ്-ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇടപാടിന് സെബി അംഗീകാരം

ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ ആസ്തികള്‍ വില്‍ക്കാനുള്ള 3.4 ബില്യണ്‍ ഡോളറിന്റെ കരാറിന് ഇന്ത്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ബുധനാഴ്ച അംഗീകാരം നല്‍കി. റിലയന്‍സ് ഇന്‍ഡസ്ട്രീസുമായുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഇടപാടിനെച്ചൊല്ലി ഫ്യൂച്ചറും ആമസോണും നിയമപോരാട്ടത്തിലാണ്. ആമസോണുമായുള്ള കരാര്‍ ലംഘിച്ചാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് പുതിയ കരാറിലേര്‍പ്പെട്ടിരിക്കുന്നതെന്നാണ് യുഎസ് ഇ-കൊമേഴ്സ് ഭീമനായ ആമസോണിന്റെ ആരോപണം.

ഇന്ത്യന്‍ എക്‌സ്‌ചേഞ്ചുകള്‍ ഈ ഇടപാട് തങ്ങളെ ബാധിക്കില്ലെന്ന് വ്യക്തമാക്കി. ഇന്ത്യയുടെ മാര്‍ക്കറ്റ് റെഗുലേറ്റര്‍, സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുമായി ആശയവിനിമയം നടത്തിയ ശേഷമാണ് തീരുമാനത്തിലെത്തിയതെന്നും ഇന്ത്യന്‍ എക്‌സ്‌ചേഞ്ചുകള്‍ വ്യക്തമാക്കി.

എന്നാല്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിക്കുമ്പോള്‍ ആമസോണുമായി കമ്പനി തുടരുന്ന കരാറിന്റെ വിവിധ വിവരങ്ങള്‍ ഫ്യൂച്ചര്‍ പങ്കിടണമെന്ന് സെബി നിര്‍ദ്ദേശിച്ചു. ഇടപാടിന്റെ അവലോകനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനായി സെബിക്കും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്കും കഴിഞ്ഞ ആഴ്ചകളില്‍ ആവര്‍ത്തിച്ച് കത്തുകള്‍ അയച്ച ആമസോണിന് ഈ അറിയിപ്പ് തിരിച്ചടിയാകും.

എക്‌സ്‌ചേഞ്ചുകളില്‍ നിന്നുള്ള അംഗീകാരത്തെത്തുടര്‍ന്ന്, ആമസോണ്‍ തങ്ങളുടെ അവകാശങ്ങള്‍ നടപ്പിലാക്കുന്നതിനായി നിയമപരമായ വഴി തേടുമെന്ന് പറഞ്ഞു. ഫ്യൂച്ചര്‍, റിലയന്‍സ്, ആമസോണ്‍ എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ ഫലം ഇന്ത്യയുടെ റീട്ടെയില്‍ ബിസിനസ് രംഗത്തെ തന്നെ വലിയ മാറ്റത്തിന്റെ സൂചനയാണ്. 2024 ഓടെ പ്രതിവര്‍ഷം 740 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന റീട്ടെയില്‍ വിപണിയായി ആര് ഉയര്‍ന്നു വരുമെന്നതും കാത്തിരുന്ന് കാണാം.

Author

Related Articles