News

ബോണ്ട് വില്‍പ്പനയില്‍ ക്രമക്കേട്; യെസ് ബാങ്കിന് 25 കോടി രൂപ പിഴ ചുമത്തി സെബി

മുംബൈ: സെബി യെസ് ബാങ്കിന് പിഴ ചുമത്തി. 25 കോടി രൂപയാണ് പിഴ ചുമത്തിയത്. ബാങ്കിന്റെ എടി-1 ബോണ്ടുകള്‍ വിറ്റതിലെ പിഴവ് കണ്ടെത്തിയാണ് പിഴ ചുമത്തിയത്. യെസ് ബാങ്കിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ വിവേക് കാന്‍വാറിന് ഒരു കോടിയും ആശിഷ് നാസാ, ജസ്ജിത് സിങ് ബങ്ക എന്നിവര്‍ക്ക് 50 ലക്ഷം വീതവും പിഴ ചുമത്തി. ഇരുവരും യെസ് ബാങ്കിന്റെ സ്വകാര്യ ആസ്തി മാനേജ്‌മെന്റ് വിഭാഗത്തിലെ ജീവനക്കാരായിരുന്നു.

അടുത്ത 45 ദിവസത്തിനുള്ളില്‍ ഇവര്‍ പിഴത്തുക അടയ്ക്കണമെന്നാണ് സെബി ഉത്തരവിട്ടിരിക്കുന്നത്. ബോണ്ടുകള്‍ വില്‍ക്കുന്ന സമയത്ത് സ്വകാര്യ നിക്ഷേപകരെ ഇതുമായി ബന്ധപ്പെട്ട റിസ്‌കുകളെ കുറിച്ചൊന്നും ബോധ്യപ്പെടുത്തിയില്ലെന്ന് വ്യക്തമായതോടെയാണ് പിഴ ചുമത്തിയത്. യെസ് ബാങ്കില്‍ എഫ്ഡി ഇടാന്‍ വന്ന ഉപഭോക്താക്കളെ വരെ വഴിതിരിച്ച് ബോണ്ട് വില്‍പ്പനയിലേക്ക് അയച്ചിരുന്നുവെന്നാണ് സെബിയുടെ കണ്ടെത്തല്‍. 1,346 സ്വകാര്യ നിക്ഷേപകരില്‍ നിന്നായി 679 കോടി രൂപയാണ് ഇത്തരത്തില്‍ യെസ് ബാങ്ക് സമാഹരിച്ചത്.

ഇതില്‍ തന്നെ 1311 പേരും യെസ് ബാങ്കിന്റെ ഉപഭോക്താക്കളായിരുന്നു. ഇവരില്‍ നിന്ന് മാത്രം 663 കോടിയാണ് ബാങ്കിന് കിട്ടിയത്. ബാങ്കില്‍ എഫ്ഡി ആയി നിക്ഷേപിച്ചിരുന്ന തുക പിന്‍വലിച്ചാണ് 277 പേര്‍ എടി-1 ബോണ്ടുകള്‍ വാങ്ങിയത്. ഇത് മാത്രം 80 കോടി വരും. ചട്ടലംഘനം ഉണ്ടായോ എന്ന സെബിയുടെ പരിശോധനയിലാണ് ബാങ്കിന്റെ ഭാഗത്ത് വന്ന വീഴ്ചകള്‍ കണ്ടെത്തിയത്. 2016 ഡിസംബര്‍ ഒന്നിനും 2020 ഫെബ്രുവരി 29 നും ഇടയിലാണ് ഇടപാടുകള്‍ നടന്നത്.

Author

Related Articles