News

ആഗോള ഓഹരികളില്‍ നിക്ഷേപിക്കുന്നതിനുള്ള മ്യൂച്വല്‍ ഫണ്ട് കമ്പനികളുടെ പരിധി 100 കോടി ഡോളറായി ഉയര്‍ത്തി സെബി

ആഗോള ഓഹരികളില്‍ നിക്ഷേപിക്കുന്നതിനുള്ള മ്യൂച്വല്‍ ഫണ്ട് കമ്പനികളുടെ പരിധി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഉയര്‍ത്തി. 60 കോടി ഡോളറില്‍ നിന്ന് 100 കോടി ഡോളറായാണ് പരിധി ഉയര്‍ത്തിയത്. അന്തര്‍ദേശീയ ഓഹരികളില്‍ നിക്ഷേപിക്കുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടു(ഇടിഎഫ്)കള്‍ക്ക് പരമാവധി 30 കോടി ഡോളര്‍ ഇനി നിക്ഷേപിക്കാം. നിലവിലെ പരിധി 20 കോടി ഡോളറായിരുന്നു.

ഇന്റര്‍നാഷണല്‍ ഫണ്ടുകളില്‍ നിക്ഷേപക താല്‍പര്യം വര്‍ധിച്ചതോടെ പരിധി ഉയര്‍ത്തണമെന്ന ആവശ്യവുമായി ഫണ്ട് ഹൗസുകള്‍ സെബിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് തീരുമാനം. 2021 ഏപ്രിലിലെ കണക്കുപ്രകാരം ഫണ്ട് ഓഫ് ഫണ്ട് കാറ്റഗറിയിലെ മൊത്തം ആസ്തി 13,441 കോടിയാണ്. ഇതില്‍ ഭൂരിഭാഗംതുകയും ആഗോള ഓഹരികളില്‍ നിക്ഷേപിക്കുന്ന ഇടിഎഫുകളില്‍ പണംമുടക്കുന്ന ഫണ്ട് ഓഫ് ഫണ്ടുകളിലേതാണ്.

2020 നവംബറിലാണ് ഇതിനുമുമ്പ് സെബി 30 കോടി ഡോളറില്‍ നിന്ന് 60 കോടി ഡോളറായി ഉയര്‍ത്തിയത്. ഇടിഎഫുകളിലെ നിക്ഷേപം 50 മില്യണില്‍നിന്ന് 200 മില്യണായി ഉയര്‍ന്നപ്പോഴായിരുന്നു ഇത്. വൈവിധ്യ വത്കരണത്തിന്റെഭാഗമായി നിക്ഷേപകരുടെ ഇടയില്‍ അടുത്തകാലത്താണ് ആഗോള ഓഹരികളില്‍ നിക്ഷേപിക്കുന്ന ഇടിഎഫുകളില്‍ താല്‍പര്യം വര്‍ധിച്ചത്. ആഗോള വിപണികളിലെ മികച്ച നേട്ടവും അതിന് പ്രേരണയായി.

Author

Related Articles