News

ഓഹരി വിപണിയിലെ ചൈനീസ് നിക്ഷേപത്തെക്കുറിച്ച് വിവരങ്ങൾ ആവശ്യപ്പെട്ട് സെബി

മുംബൈ: ചൈനയില്‍ നിന്നോ ചൈന വഴിയോ രാജ്യത്തെ ഓഹരി വിപണിയില്‍ വന്നിട്ടുള്ള നിക്ഷേപത്തെക്കുറിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നിര്‍ദേശം നല്‍കി. പതിവില്‍ക്കവിഞ്ഞുള്ള വിദേശ നിക്ഷേപം ഓഹരികളിലെത്തുമ്പോള്‍ സെബിയുടെ നിര്‍ദേശ പ്രകാരം ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ്‌സ് വിവരങ്ങള്‍ കൈമാറാറുണ്ട്. എന്നാല്‍ ചൈനീസ് നിക്ഷേപം സംബന്ധിച്ച് വിവരങ്ങള്‍ ആവശ്യപ്പെടുന്നത് ഇതാദ്യമായാണ്.

ചൈനയില്‍നിന്നും ഹോങ്കോങില്‍ നിന്നുമുള്ള നിക്ഷേപത്തെക്കുറിച്ച് സൂക്ഷ്മ പരിശോധന വേണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്നാണ് സെബിയുടെ നടപടി. അതുകൊണ്ടുതന്നെ ചൈനയില്‍ നിന്നും ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ നിന്നുമുള്ള നിക്ഷേപങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനാണ് സെബിയുടെ തീരുമാനം.

ലോകമാകെ കോവിഡ് ബാധിച്ചതിന്റെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം രാജ്യത്തെ പ്രമുഖ ഓഹരികളില്‍ പലതും കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. വിദേശ നിക്ഷേപകരും ആഭ്യന്തര നിക്ഷേപകരും ഈ സാഹചര്യത്തില്‍ കൂടുതല്‍ നിക്ഷേപവുമായി വിപണിയിലെത്തുമെന്ന സൂചനയുണ്ട്.

കഴിഞ്ഞയാഴ്ചയില്‍ ചൈനയിലെ കേന്ദ്ര ബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ ഓഹരി വിഹിതം 1.01ശതമാനമായി ഉയര്‍ത്തിയിരുന്നു. മാര്‍ച്ചില്‍ ഇത് 0.8 ശതമാനമായിരുന്നു വിഹിതം. ചൈനയില്‍ നിന്നുള്ള 16 പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ രാജ്യത്തെ വന്‍കിട ഓഹരികളില്‍ 1.1 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയതായും കണ്ടെത്തിയിരുന്നു.

Author

Related Articles